ഞങ്ങള്‍ ഇപ്പോഴും പെര്‍ഫെക്റ്റല്ല. എത്രദൂരം മുന്നോട്ട് പോകാൻ കഴിയുമെന്നതില്‍ ഞാൻ ഒരു ലക്ഷ്യവും വെച്ചിട്ടില്ല. നന്നായി കളിക്കുക, വിജയിക്കുക. – സ്കോട്ട്ലൻഡിനെതിരായ മത്സരത്തിന് ശേഷം ബ്രസീല്‍ പരിശീലകൻ കാര്‍ലൊ ആഞ്ചലോട്ടി പറഞ്ഞുവെച്ചു.
ലൂയിസ് ഡെല ഫ്യൂന്റെയുടെ സ്പെയിനിന് ടിക്കി ടാക്കാ, ദിദിയര്‍ ദഷാംപ്സിന്റെ ഫ്രാൻസിന് ഹൈ ഇന്റൻസിറ്റി ഫുട്ബോള്‍, മെസിയില്‍ കേന്ദ്രീകരിക്കുന്ന അര്‍ജന്റീന, ജര്‍മനിക്ക് ഗെഗെൻ പ്രേസിങ്ങ്…അങ്ങനെയെങ്കില്‍ ഡോണ്‍ കാര്‍ലോയുടെ ബ്രസീലിന്റെ ഐഡന്റിന്റി എന്താണ്.
പെലെയുടെ കാലത്ത് ലോകം അത്ഭുതത്തോടെ വീക്ഷിച്ച ആ മനോഹരമായ ബ്രസീലിയൻ ഫുട്ബോള്‍ അല്ല, 90കളുടെ അവസാനം കണ്ട ഡൊമിനേറ്റിങ് ഫുട്ബോളുമല്ല…അഞ്ചലോട്ടിയുടെ ബ്രസീലിന് അങ്ങനെ കൃത്യമായൊരു ഐഡന്റിറ്റിയുണ്ടോ എന്ന് ചിന്തിച്ചാല്‍, ഉണ്ട്. പക്ഷേ, അത് മേല്‍പ്പറഞ്ഞപോലെയല്ലെന്ന് മാത്രം. ഒരു താരത്തിന്റെ ക്വാളിറ്റി പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് ആഞ്ചലോട്ടിയൊരുക്കുന്ന സിസ്റ്റം. ഫൈനല്‍ തേഡില്‍ അഗ്രസീവ് ആകുക, സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഡ്രോപ് ബാക്ക് ചെയ്യുക, തങ്ങളുടെ പൊസിഷനുകളില്‍ ഒരേസമയം ഡിഫൻസീവും ഒഫൻസീവുമാകാൻ തയാറാകുക.
കളിയുടെ സാഹചര്യത്തിന് അനുസരിച്ച് കൃത്യമായി ആ ടീം രൂപപ്പെടുന്നുണ്ട്. സ്കോട്ട്ലൻഡിനെതിരായ മത്സരത്തില്‍ ബ്രസീല്‍ തുടങ്ങുന്നത് 4-3-3 എന്ന ഫോര്‍മേഷനിലാണ്. വിനീഷ്യസ് ജൂനിയര്‍ ഇടതുവിങ്ങില്‍, മാത്തയോസ് കൂന്യ സ്ട്രൈക്കര്‍, റയാൻ വലതുവിങ്ങില്‍. മധ്യനിരയില്‍ പക്വേറ്റ, കാസമീറൊ, ഗിമറായിഷ്. മുന്നേറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ബ്രസീലിന്റെ ഷേപ്പ് 4-2-4 ആണ്. ഹൈ ഇന്റൻസിറ്റി പ്രെസിങ്, സ്കോട്ട്ലൻഡിനെതിരായ വിനിയുടെ ആദ്യ ഗോള്‍ സംഭവിക്കുന്നത് റയാന്റെ പ്രെസിങ്ങില്‍ നിന്നായിരുന്നല്ലോ. ഡിസലവ് ചെയ്ത ഗോളും പ്രെസിങ്ങിലൂടെ പൊസഷൻ വീണ്ടെടുത്തായിരുന്നു.
