ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. പരിശോധിച്ച് ഇക്കാര്യത്തെക്കുറിച്ച് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ അടുത്ത ബന്ധുവിന് ഉയർന്ന പദവിയിൽ നിയമനം നല്‍കിയിരുന്നു. സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ ഡിസിസി ജനറൽ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം.

അതേസമയം, ഇടതുസർക്കാരിന്റെ കാലത്ത് മന്ത്രിമാർ ബന്ധുക്കളെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിൽ കടുത്ത വിമർശനമാണ് യുഡിഎഫ് നേതാക്കൾ ഉയർത്തിയിരുന്നത്. പികെ ശ്രീമതിയും ഇ പി ജയരാജനും കെ ടി ജലീലും നടത്തിയ ബന്ധുനിയമനത്തിന് സമാനമാണ് വൈദ്യുതി മന്ത്രിയുടെ സഹോദരി ഭർത്താവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയത് എന്നാണ് വിമർശനം.

കെപിസിസി പ്രസിഡന്റ്‌ ആയപ്പോൾ സണ്ണി ജോസഫിന്റെ സഹായിയായി കൂടേ പ്രവർത്തിച്ച, യൂത്ത് കോൺഗ്രസ്‌ നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേരെയാണ് പേഴ്സണൽ സ്റ്റാഫിൽ നിയമിച്ച് ഉത്തരവിറങ്ങിയത്. എന്നാൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും ഉളിക്കൽ മണ്ഡലം പ്രസിഡന്റ്‌, ഡി സി സി ജനറൽ സെക്രട്ടറി, ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ തുടങ്ങി വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ബെന്നിക്ക് ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *