തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ പങ്കു വഹിച്ചിട്ടുള്ളവരാണ് അമ്മമാരെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ. കുട്ടികളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ അമ്മമാർക്കാണെന്നും അധ്യാപകരും മാതാപിതാക്കളും തമ്മിൽ നല്ല സൗഹൃദം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുടെ കഴിവുകൾ അധ്യാപകരും രക്ഷിതാക്കളും പരസ്പരം പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുട്ടിക്കാല ഓർമ്മകളും മുഖ്യമന്ത്രി പങ്കുവെച്ചു.
കുഞ്ഞുങ്ങൾ ജീവിക്കുന്നത് പുതിയ കാലത്തിലാണ്. പുതിയ കണ്ടുപിടിത്തങ്ങൾ, നിർമിത ബുദ്ധികൾ ഉണ്ടാകുന്നു. നമ്മുടെ കേരളത്തിൽ നിന്നുള്ള പെൺകുട്ടികൾ പല പ്രധാനപ്പെട്ട സർവകലാശാലയിലും പഠിക്കുന്നു. പെൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് നടത്തിയത് വലിയ മുന്നേറ്റമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആയി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകില്ല. വിദേശരാജ്യങ്ങളിൽ നിന്ന് പോലും കുട്ടികൾ കേരളത്തിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സ്കൂളുകളിലെ യൂണിഫോം, പുസ്തക വിതരണം പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനും പറഞ്ഞു. കേരളത്തെ പുതുയുഗത്തിലേക്ക് നയിക്കാൻ കാലം നിയോഗിച്ചത് വി. ഡി സതീശനെയാണ്. കുട്ടികൾ പഠിക്കേണ്ടത് കാലഹരണപ്പെട്ട കാര്യങ്ങളല്ലെന്നും ഏറ്റവും അപ്ഡേറ്റഡ് ആയ കാര്യങ്ങളായിരിക്കണമെന്നും മന്ത്രി പറഞ്ഞു.
