ബംഗളൂരു: ഐപിഎല്‍ 2026ല്‍ കിരീടം നിലനിര്‍ത്തി ചരിത്രനേട്ടം കുറിച്ചെങ്കിലും, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിന് നഗരത്തില്‍ വിജയഘോഷയാത്ര നടത്താന്‍ സാധിച്ചേക്കില്ല. സുരക്ഷാ പ്രശ്‌നങ്ങളും പോലീസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കണക്കിലെടുത്ത് പൊതുവായ ആഘോഷങ്ങള്‍ വേണ്ടെന്നുവെക്കാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ആര്‍സിബി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്മാരായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
2025-ല്‍ ആര്‍സിബിയുടെ ആദ്യ കിരീടനേട്ടത്തിന് പിന്നാലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചിരുന്നു. ഈ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും കര്‍ണാടക സര്‍ക്കാരും കോടതിയും വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. നിയുക്ത കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങും ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ കാരണമായിട്ടുണ്ട്. ലോക് ഭവനില്‍ നടക്കുന്ന ചടങ്ങില്‍ വലിയ ജനക്കൂട്ടം എത്തുമെന്നതിനാല്‍ നഗരത്തില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കേണ്ടതുണ്ട്.
