‘മത്സരമെന്നത് വിജയിക്കുക മാത്രമല്ല, അർജന്റീനയ്ക്കായി എല്ലാം നൽകുക എന്നത് കൂടിയാണ്’; എൻസോ ഫെർണാണ്ടസ്

ന്യൂയോർക്ക്: ഫിഫ ഫൈനലിൽ സ്‌പെയ്‌നിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഹൃദയസ്പർശിയായ സന്ദേശം പങ്കുവെച്ച് അർജന്റീന താരം എൻസോ ഫെർണാണ്ടസ്. ഫൈനലിൽ റെഡ് കാർഡ് കണ്ട് എൻസോ ഫെർണാണ്ടാസ് പുറത്തായതോടെ പത്ത് പേരുമായാണ് അർജന്റീന മത്സരം പൂർത്തിയാക്കിയത്. രണ്ടാം പകുതിയിലെ അധിക സമയത്തിന്റെ മൂന്നാം മിനിറ്റിലാണ് എൻസോ പുറത്തായത്.

ജീവിതത്തിൽ എപ്പോഴും വിജയങ്ങൾ സംഭവിക്കില്ലെന്നും മത്സരഫലത്തേക്കാൾ വലിയ കാര്യങ്ങളുണ്ടെന്ന് സമയം കടന്നുപോകുമ്പോൾ നിങ്ങൾ തിരിച്ചറിയുമെന്നും എൻസോ കുറിച്ചു. അർജന്റീനൻ ടീമിന്റെ ഭാഗമാകുന്നത് താൻ എപ്പോഴും വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സമയം കടന്നുപോകുമ്പോൾ, ഒരു മത്സരഫലത്തേക്കാൾ വലിയ എന്തോ ഒന്ന് ഉണ്ടെന്ന് നിങ്ങൾ തിരിച്ചറിയും. വർഷങ്ങളായി ഈ ടീം നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ പ്രതിനിധീകരിക്കുന്നു. മത്സരം എന്നത് വിജയിക്കുക മാത്രമല്ല, ജഴ്‌സിക്കായി എല്ലാം നൽകുക എന്നതും ഒരിക്കലും ഉപേക്ഷിക്കാതിരിക്കുക എന്നതുമാണെന്ന് ഇത് പഠിപ്പിക്കുന്നു. എപ്പോഴും നിലയുറപ്പിക്കുകയും, അവസാനം വരെ പോരാടുകയും അഭിമാനത്തോടെയും വിനയത്തോടെയും പ്രതിബദ്ധതയോടെയും ഈ നീലയും വെള്ളയും നിറങ്ങളെ പ്രതിരോധിക്കുകയും ചെയ്ത ഈ ടീമിന്റെ ഭാഗമാകുന്നത് ഞാൻ എപ്പോഴും വിലമതിക്കുന്ന ഒന്നായിരിക്കും’-അദ്ദേഹം വ്യക്തമാക്കി.

ഈ കാലയളവിൽ തനിക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും അദ്ദേഹം അർജന്റീനിയൻ ആരാധകർക്ക് നന്ദി പറഞ്ഞു. ഭാവിയിലും ഇതുപോലെ അഭിമാനത്തോടും അഭിനിവേശത്തോടും കൂടി രാഷ്ട്രത്തെ പ്രതിനിധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘എല്ലാ അർജന്റീനിയൻ ആരാധകർക്കും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. എല്ലായ്‌പ്പോഴും കൂടെയുണ്ടായിരുന്നതിനും, എല്ലാ മത്സരങ്ങളിലും ഞങ്ങളെ പിന്തുണച്ചതിനും, നിങ്ങളുടെ സ്‌നേഹത്തിനും, നിങ്ങളുടെ നിരുപാധികമായ പിന്തുണയ്ക്കും, ലോകത്ത് എവിടെയായിരുന്നാലും ഞങ്ങൾക്ക് വീട്ടിലിരിക്കുന്നതുപോലെ തോന്നിപ്പിച്ചതിനും നന്ദി. എന്റെ രാജ്യത്തിന്റെ ജഴ്‌സി അണിയുന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ ബഹുമതിയാണ്. അത് സംരക്ഷിക്കാൻ എന്നെ വിളിക്കുമ്പോഴെല്ലാം ഞാൻ എന്റെ കഴിവിന്റെ പരമാവധി നൽകിക്കൊണ്ടിരിക്കും.’-എൻസോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *