കൊച്ചി: നടി ലക്ഷ്മിപ്രിയയ്ക്കും പൊലീസിനും എതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി നടി അൻസിബ. തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടര്‍ രേഷ്മയ്ക്കെതിരെയാണ് പരാതി നൽകിയത്. പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചെന്നാണ് പരാതിയില്‍ പറയുന്നത്. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അൻസിബ പരാതിയില്‍ പറയുന്നു. ലക്ഷ്മി പ്രിയയുടെ പരാതിയിൽ തന്നെ വിളിച്ചുവരുത്തിയപ്പോൾ സ്റ്റേഷനിൽ വെച്ച് അവഹേളിച്ചുവെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ അപമാനിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അപമാനത്തിന് ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി.
അതിനിടെ താരസംഘടനയായ ‘അമ്മ’യിലെ ചേരിപ്പോരിൽ നാല് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണമെന്നാണ് നോട്ടീസിലുള്ളത്. ടിനി ടോമിനെതിരെ അടക്കം ഉന്നയിച്ച പരാതിയിൽ അൻസിബയെ കേൾക്കാനും അമ്മ നേതൃത്വം തീരുമാനിച്ചു. ജൂൺ ആദ്യ ആഴ്ച നേരിട്ടെത്താൻ നേതൃത്വം ആവശ്യപ്പെട്ടു.
‘അമ്മ’യിലെ ചേരിപ്പോര് വല്ലാതെ വഷളായ സാഹചര്യത്തിലാണ് പരാതിക്കാരിയായ അൻസിബയെ കേട്ട് പ്രശ്നപരിഹാര നീക്കത്തിലേക്ക് അമ്മയുടെ ഭരണസമിതി കടന്നത്. എന്നാല്‍ അമ്മയുടെ നേതൃത്വത്തിന് മുന്നിലേക്ക് ഇല്ലെന്ന നിലപാടിലാണ് അൻസിബ. തന്റെ പരാതികൾ കേൾക്കണമെങ്കിൽ നിഷ്പക്ഷ സമിതിയെ നിയോഗിക്കണമെന്നാണ് അൻസിബയുടെ ആവശ്യം. രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാർവ്വതി എന്നിവർ സമിതിയിൽ ഉണ്ടാകണമെന്നാണ് അൻസിബയുടെ ആവശ്യം. സമിതിക്ക് മുന്നിൽ താൻ പറയുന്ന കാര്യങ്ങൾ വീഡിയോ റെക്കോർഡിങ് ഉറപ്പാക്കണം എന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
