തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ആണ് ഹൈക്കോടതി മറുപടി തേടിയത്. ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നരവയസുകാരന്റെ മരണത്തില്‍ സ്വമേധയ എടുത്ത കേസിലാണ് കോടതി ഇടപെടൽ.
ചീഫ് ജസ്റ്റസ് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തില്‍ സ്വമേധയാ കേസെടുത്തത്. വനിതാ ശിശുവികസന വകുപ്പിനെ കേസില്‍ കക്ഷിചേര്‍ത്തു. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദേശിച്ചു.
മുത്തശ്ശി നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ല എന്നും കോടതി ചോദിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് നൽകേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി.
