സംഭരണ സംവിധാനത്തിന്റെ വികസനം: 7 പുതിയ നിയമാവലികൾ അംഗീകരിച്ച് സൗദി ധനകാര്യ മന്ത്രി

റിയാദ്: സർക്കാർ സംഭരണ സംവിധാനം വികസിപ്പിക്കുന്നതിനും, സേവനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും, കരാറുകൾ, പർച്ചേസുകൾ, എന്നിവയുമായി ബന്ധപ്പെട്ട 7 പുതിയ നിയമാവലികൾക്ക് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ-ജദ്ആൻ അംഗീകാരം നൽകി. പൊതുമുതലിന് പരമാവധി മൂല്യം ഉറപ്പാക്കാനും സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ലക്ഷ്യമിട്ടാണ് ഈ നടപടി.

സർക്കാർ സ്ഥാപനങ്ങൾ ടെൻഡർ പ്രമാണങ്ങളും കരട് രേഖകളും തയാറാക്കുമ്പോൾ നിർബന്ധമായും പിന്തുടരേണ്ട മാർ​ഗനിർദേശ രേഖകളായി ‘എക്സ്പെൻഡിച്ചർ ആന്റ് പ്രോജക്ട് എഫിഷ്യൻസി അതോറിറ്റി’ ആണ് ഈ പുതിയ നിയമാവലികൾ രൂപീകരിച്ചിരിക്കുന്നത്. ഇത് എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും സംഭരണ രീതികൾ ഏകീകരിക്കാനും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

യഥാർഥ ആവശ്യകത കൃത്യമായി നിർണയിക്കാനും, ടെൻഡർ രേഖകളുടെ ഗുണനിലവാരം ഉയർത്താനും, ഏകീകൃത സാങ്കേതിക-നിയമ ചട്ടക്കൂടിലൂടെ രേഖകൾ തയാറാക്കുന്നതിനായി എടുക്കുന്ന സമയം കുറക്കാനും സർക്കാർ സ്ഥാപനങ്ങളെ സഹായിക്കുന്നതാണ് ഈ മാനദണ്ഡങ്ങൾ.സൈനിക-സെക്യൂരിറ്റി മേഖലകളിലെ കാറ്ററിങ് സേവനങ്ങൾ, നഗര ശുചീകരണം, പാർക്കുകൾ-തോട്ടങ്ങൾ-ജലസേചനം, സെക്യൂരിറ്റി ഗാർഡ് സേവനങ്ങൾ, മാർക്കറ്റിങ്, യൂണിഫോമുകൾ, ഫർണിച്ചർ വാങ്ങൽ എന്നിവയാണ് പുതിയ നിയമാവലികളിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്ഥാപനങ്ങൾക്കിടയിൽ വ്യവസ്ഥകളും സാങ്കേതിക മാനദണ്ഡങ്ങളും ഏകീകരിക്കുന്നതിനായി കരാർ, സംഭരണ രീതികൾ ഇതിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *