ചെന്നൈ: ഡിഎംകെ എംപിയായ കനിമൊഴി തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിയെത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കനിമൊഴി ആഗ്രഹിച്ചിരുന്നെങ്കിലും, അന്ന് എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും ഇതിന് താൽപ്പര്യം കാണിച്ചിരുന്നില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സ്റ്റാലിനും ഉദയനിധിയും കനിമൊഴിയെ തിരിച്ചുവരവിന് ക്ഷണിച്ചിരിക്കുകയാണ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അമ്പത്തിയൊൻപത് വർഷത്തെ ദ്രാവിഡ കക്ഷികളുടെ ആധിപത്യം അവസാനിപ്പിച്ച് തമിഴക വെട്രിക്കഴകം അധികാരം പിടിച്ചതോടെയാണ് ഈ മാറ്റം. ഈ നിർണായക ഘട്ടത്തിൽ, അടിത്തട്ടിൽ നിന്ന് പാർട്ടിയെ ശക്തിപ്പെടുത്താൻ ഡിഎംകെ ഡെപ്യൂട്ടി ജനറല് സെക്രട്ടറിയായ കനിമൊഴിക്ക് പ്രധാന ചുമതല നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടുകൾ ടിവികെയിലേക്ക് മാറിയത് ഡിഎംകെയെ ഞെട്ടിച്ചിരുന്നു. ഈ സാഹചര്യം വിലയിരുത്തിയ ശേഷമാണ്, കനിമൊഴിയിലൂടെ സ്ത്രീകളെ വീണ്ടും ഡിഎംകെയുടെ ഭാഗമാക്കാൻ നേതൃത്വം തീരുമാനിച്ചത്. ഉദയനിധി സ്റ്റാലിന്റെ പൂർണ പിന്തുണയും ഈ നീക്കത്തിനുണ്ടെന്നാണ് വിവരം.
കനിമൊഴിയെ തിരിച്ചുവിളിച്ച് DMK
