അർജന്‍റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം

ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കുന്ന സാമ്പത്തിക അഴിമതി ആരോപണങ്ങൾ പുറത്ത്. അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ സ്പോൺസർഷിപ്പ് ഇനത്തിൽ ലഭിച്ച കോടിക്കണക്കിന് ഡോളർ യു.എസ് ബാങ്കുകൾ വഴി വെളുപ്പിച്ചെന്ന കേസിൽ അമേരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചു. ലോകകപ്പ് മത്സരങ്ങൾ പൂർത്തിയാക്കി അർജന്‍റീന ടീം നാട്ടിലേക്ക് മടങ്ങാൻ ചാർട്ടർ വിമാനത്തിലേക്ക് കയറുന്നതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ(എഎഫ്എ) പ്രസിഡന്‍റ് ക്ലോഡിയോ ട്രഷറർ പാബ്ലോ ടോവിഗിനോ എന്നിവരെ എയർപോർട്ട് ബസിൽ വെച്ച് എഫ്.ബി.ഐ ഏജന്‍റുമാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കളിക്കാർ വിമാനത്തിലേക്ക് കയറാൻ ഒരുങ്ങവെ, ഉദ്യോഗസ്ഥർ ടാപിയയെയും ടോവിഗിനോയെയും ബസ്സിൽ വെച്ച് അരമണിക്കൂറോളം ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടാപിയയുടെ ഫോൺ എഫ്.ബി.ഐ പിടിച്ചെടുത്തതായും അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതായും പ്രാദേശിക മാധ്യമമായ ‘ഇൻഫോബെ’ റിപ്പോർട്ട് ചെയ്തെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. എ.എഫ്.എയുമായി ബന്ധപ്പെട്ട 300 മില്യൺ ഡോളറിലധികം(ഏകദേശം 2,895 കോടി രൂപ) വരുന്ന വാണിജ്യ കരാറുകളും സ്പോൺസർഷിപ്പ് തുകകളുമാണ് പ്രധാനമായും എഫ്ബിഐയുടെ അന്വേഷണ പരിധിയിലുള്ളത്. പ്രമുഖ യു.എസ് ബാങ്ക് അക്കൗണ്ടുകളിലൂടെ കോടിക്കണക്കിന് ഡോളർ എത്തിയതായും, ഇവ ഏതാനും ദിവസങ്ങൾക്കം തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് വേഗത്തിൽ മാറ്റിയതായും ബാങ്ക് രേഖകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *