ഗോവിന്ദന് ഒന്നിനും മറുപടി ഇല്ല

തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിൽ എം.എ ബേബിയുടെ വിമർശനത്തിനോട് പ്രതികരിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാഫിർ സ്ക്രീൻഷോട്ട് വിഷയത്തെകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല. പിഎം ശ്രീ വിവാദം സബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച ചോദ്യമുയർന്നത്. ‘മാഷേ, തളിപ്പറമ്പിൽ ഔചിത്യം ഉണ്ടായില്ല എന്നാണ് എംഎ ബേബി പറഞ്ഞത്’ എന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞതോടെ ‘ഉം’ എന്ന് പറഞ്ഞ് സംസാരം അവസാനിപ്പിച്ച് തിരിച്ച് ​നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മലപ്പുറത്ത് ഇ.എം.എസിൻറെ ലോകം ദേശീയ സെമിനാറിൻറെ സമാപന സമ്മേളനത്തിൽ സംസാരിക്കവേയാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, ഗോവിന്ദനെ പരോക്ഷമായി വിമർശിച്ചത്. നേതാവുമായി ബന്ധപ്പെട്ട ഒരാളെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയെ മൊത്തത്തിൽ കടന്നാക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുമെന്ന് തോന്നിയാൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമെന്നായിരുന്നു ബേബിയുടെ പരാമർശം. തളിപ്പറമ്പിൽ ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയത് പാർട്ടിക്കകത്തും പുറത്തും വൻ വിവാദം സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *