തീരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ ഗണ്‍മാന്‍മാരുടെ മർദ്ദനക്കേസിൽ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവർത്തിയാണോ നടന്നതെന്ന് അദ്ദേഹം ചോദിച്ചു. എസ്ഐടി രൂപീകരിക്കാൻ കോടതിയാണ് പറഞ്ഞത്. അന്നത്തെ മുഖ്യമന്ത്രി അനങ്ങിയില്ല. യുഡിഫ് സർക്കാരിന്റെ ആദ്യ തീരുമാനമായിരുന്നു എസ്ഐടി രൂപീകരണം. അവര്‍ പ്രാഥമിക റിപ്പോർട്ട് നൽകി. അഞ്ച് പോലീസുകാരെ സസ്പെന്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങളൊന്നും അങ്ങനെ പെട്ടെന്ന് മറക്കാനാവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. എസ്ഐടി അന്വേഷണത്തിലും, ഒരു കേസ് അന്വേഷണത്തിലും താനോ മുഖ്യമന്ത്രിയോ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയില്‍ രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെ പോലെ തല്ലികൊല്ലാൻ നോക്കി. അതിൽ നിയമം ഇടപെടുന്നതാണ് ഇപ്പോൾ കാണുന്നത്. പത്തു വർഷം നാട് ഭരിച്ചവർ ചെറിയ സംഭവങ്ങളുടെ പേരിൽ കലാപം ഉണ്ടാക്കാൻ നോക്കുന്നു. ജനം ഇത് കാണുന്നുണ്ട്. അക്രമത്തിന്റെ പാത സിപിഎം ഉപേക്ഷിക്കണം. അധികാരമാറ്റമൊക്കെ ജനാധിപത്യമാണ്. യുഡിഎഫ് അക്രമം നടത്തിയിട്ടില്ലെന്നും നിയമം ആര് കൈയ്യിലെടുത്താലും നടപടി ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
