ഗവർണറുമായുള്ളത് കുടുംബ പ്രശ്‌നമല്ല, റോജി എം ജോണിനെതിരെ പി എസ് സഞ്ജീവ്

കണ്ണൂര്‍: ഗവര്‍ണറുമായി പോരിനില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ പരാമര്‍ശത്തില്‍ വിമർശനവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ഗവര്‍ണറുമായുള്ളത് വഴി തര്‍ക്കമോ കുടുംബ പ്രശ്‌നമോ സ്വത്ത് തര്‍ക്കമോ അല്ലെന്ന് സഞ്ജീവ് പറഞ്ഞു.

ആര്‍എസ്എസ് അജണ്ട ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതിനെതിരെയാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം ഉണ്ടായതെന്നും ആ നിലപാടില്‍ നിന്ന് കേരളത്തിലെ ഇപ്പോഴുള്ള ഗവര്‍ണര്‍ പിന്നോട്ടു പോയിട്ടില്ലെന്നും ഓര്‍മ്മിപ്പിക്കട്ടെയെന്ന് പി എസ് സഞ്ജീവ് ഫേസ്ബുക്കില്‍ കുറിച്ചു.

‘കേരളത്തിലെ സര്‍വകലാശാലകള്‍ സംഘപരിവാര്‍ വല്‍ക്കരണത്തിന് നിര്‍ബാധം തുറന്നു കൊടുക്കും എന്നാണോ ഈ പോരിനില്ലെന്ന് പറയും വഴി മന്ത്രി ഉദ്ദേശിക്കുന്നത്? ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കും വിധത്തില്‍ പ്രവര്‍ത്തിച്ച ഗവര്‍ണര്‍, അവര്‍ മുഖാന്തരം വിസിമാരായ ആര്‍എസ്എസ് അനുഭാവികള്‍ എന്നിവരോടൊക്കെ എന്താണ് നിലപാട്?’ സഞ്ജീവ് ചോദിച്ചു.

നിങ്ങള്‍ സംഘപരിവാറിനെതിരെ പോരിനിറങ്ങില്ലെന്ന് സത്യപ്രതിജ്ഞയിലെ വന്ദേമാതരത്തെ സംബന്ധിച്ച നിലപാടില്‍ തന്നെ വ്യക്തമാണ്. അത് കേരളം തിരിച്ചറിയുന്നുണ്ടെന്നും പി എസ് സഞ്ജീവ് പറഞ്ഞു. ‘നിങ്ങള്‍ ഗവര്‍ണര്‍ക്ക് മുമ്പില്‍ കുനിയാന്‍ തയ്യാറായാലും ആര്‍എസ്എസ് വല്‍ക്കരണത്തിനെതിരെ തെരുവില്‍ നിന്ന് പോരാടാന്‍ എസ്എഫ്‌ഐ ഉണ്ടാകും. കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന്റെ വിളനിലമായ സര്‍വകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല, ഞങ്ങള്‍ അനുവദിക്കുകയുമില്ല’, പി എസ് സഞ്ജീവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *