കൊച്ചി: വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് വെടിക്കെട്ട്ദുരന്ത അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ പറഞ്ഞു. വെടിക്കെട്ട് അപകടരഹിതമായി ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിന് മുൻഗണന കൊടുത്തായിരിക്കും കമ്മീഷന്റെ അന്വേഷണമെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ പറഞ്ഞു. മറ്റന്നാൾ തൃശ്ശൂരിലെത്തി ആദ്യം പരിക്കേറ്റവരെ കാണുമെന്നും അതിനുശേഷം അപകട സ്ഥലത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിക്കെട്ട് നിരോധിക്കാൻ സർക്കാരിന് ഒരു കമ്മീഷന്റെയും ആവശ്യമില്ല. അങ്ങനെ സർക്കാർ ഉദ്ദേശിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും വെടിക്കെട്ടിന്റെ പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വിമാന ദുരന്തം അന്വേഷിക്കാൻ കമ്മീഷനെ വെക്കാറുണ്ട്. ഓരോ ദുരന്തത്തിനും ഓരോ കമ്മിഷനാണ്. അവരൊന്നും വിമാനം നിരോധിക്കണം എന്ന് പറയാറില്ല. വെടിക്കെട്ട് അപകടരഹിതമായി ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിന് ഊന്നൽ കൊടുത്തായിരിക്കും കമ്മീഷന്റെ അന്വേഷണം എന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ വ്യക്തമാക്കി.
