കൊച്ചി: സത്യപ്രതിജ്ഞക്കിടെ മുഖ്യമന്ത്രി വി.ഡി സതീശൻ തന്റെ പേരിനൊപ്പം മോനോൻ എന്ന് കൂട്ടിച്ചേർത്തതിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജിൻ്റോ ജോൺ മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ചിരിക്കുന്നത്. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് കുറേക്കൂടി നല്ലതെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി. അങ്ങനെ അറിയപ്പെട്ടാല്‍ മതി, അതല്ലേ അതിന്റെ ഒരു ബ്യൂട്ടി എന്നും കുറിച്ചു. തന്റെ രാഷ്ട്രീയം തന്റെ ബോധ്യങ്ങള്‍ കൂടിയാണെന്നും ഒരല്‍പം ലെഫ്റ്റ് ആയൊരു കോണ്‍ഗ്രസ് ബോധ്യമാണിതെന്നും പറഞ്ഞാണ് ജിന്റോ ജോൺ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മഖ്യമന്ത്രി വി.ഡി സതീശൻ ‘വടശേരി ദാമോദരൻ മേനോൻ സതീശൻ’ എന്ന് പറഞ്ഞായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഇത് വലിയ വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സതീശന്‍റെ പേരിൽ ഇതുവരെയില്ലാത്ത മേനോൻ എവിടെ നിന്ന് വന്നുവെന്നായിരുന്നു വിമര്‍ശകരുടെ ചോദ്യം. ജാതിപ്പേര് ഒഴിവാക്കി വടശ്ശേരി ദാമോദരൻ എന്നുമാത്രം പറയാനുള്ള ധാർമിക ഉത്തരവാദിത്തം കേരളത്തിൻ്റെ മുഖ്യമന്ത്രിക്ക് ഉണ്ടെന്നും പരാമർശമുയർന്നു. സതീശൻ ആര്‍എസ്എസ്-സംഘപരിവാറുകളെ തൃപ്തിപ്പെടുത്തിയെന്നും ഒരു കൂട്ടര്‍ ചൂണ്ടിക്കാട്ടി. എന്നാൽ മുഴുവൻ പേര് പറഞ്ഞതിൽ എന്താണ് പ്രശ്നമെന്നായിരുന്നു ഒരു വിഭാഗം ചോദിച്ചത്.
