‘മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല’; സന്ദീപ് വാര്യർ

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണു​ഗോപാലിനുള്ള പിന്തുണ തള്ളാതെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് താൻ കണ്ടിട്ടില്ലെന്നും ആർക്കാണ് പിന്തുണ നൽകിയിരിക്കുന്നതെന്ന് പുറത്ത് പറയാനില്ലെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. എംഎൽഎമാരോട് അഭിപ്രായം ചോദിച്ചാണ് പാർട്ടി തീരുമാനം എടുക്കുകയെന്നും സന്ദീപ് വാര്യർ പറഞ്ഞു. മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയിൽ കെ.സി വേണു​ഗോപാലിനാണ് സന്ദീപ് വാര്യറുടെ പിന്തുണയെന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം വന്നത്.

മുസ്‌ലിം ലീഗിനോടും പാണക്കാട് കുടുംബത്തോടും തീർത്താൽ തീരാത്ത കടപ്പാടുണ്ട്. മാത്യു കുഴൽനാടന്റെ ലീഗിനെതിരായ പ്രസ്താവന കണ്ടിട്ടില്ല. അറ്റവും മൂലയും മുറിച്ചെടുത്ത് മാധ്യമങ്ങൾ വാർത്ത നൽകാറുണ്ട്. അതുകണ്ട് ചിലർക്ക് വിഷമം തോന്നിയിട്ടുണ്ടാകും. മുഖ്യമന്ത്രിയ്ക്കായി ഫ്ലെക്സ്‌ ഉയർത്തുന്നതും പ്രകടനം നടത്തുന്നതും ജനധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ അത് പരിധി കടക്കരുത്. വാരണാസിയിൽ മോദി വിയർത്തു ജയിച്ചത് പോലെയാണ് ധർമ്മടത്ത് പിണറായിയും ജയിച്ചതെന്നും സന്ദീപ് വാര്യർ പറഞ്ഞു.

കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണയക നീക്കങ്ങൾ കോൺഗ്രസ് ക്യാമ്പിൽ സജീവമാകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാലിന് അനുകൂലമായ കാറ്റാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വീശുന്നത്. എഐസിസി നിരീക്ഷകർ വ്യാഴാഴ്ച നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയിൽ, തെരഞ്ഞെടുക്കപ്പെട്ട 63 കോൺഗ്രസ് എംഎൽഎമാരിൽ 47 പേരും വേണുഗോപാലിന്‍റെ പേരാണ് നിർദ്ദേശിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *