കാഫിർ സ്ക്രീൻഷോട്ട് കേസ് : അന്വേഷണം പുരോഗതി വിലയിരുത്തി എസ്ഐടി

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്തി എസ്ഐടി . അന്വേഷണം ശരിയായ വഴിയിലാണെന്നും അനാവശ്യമായി ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നും എസ്ഐടി വിലയിരുത്തി. കേസിൽ പുതിയതായി ഒൻപതുപേരുടെ മൊഴി SIT രേഖപ്പെടുത്തി. ഇതിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണൻ അടക്കം മൂന്നുപേർ മുൻപും ചോദ്യംചെയ്യലിന് വിധേയരായവരാണ്. കാഫിർ സ്ക്രീൻഷോട്ട് ആദ്യമായി പങ്കുവെച്ച ‘വടകര സ്ക്വാഡ്’ വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിന്മാരായ 10ൽ ആറുപേരാണ് മറ്റുള്ളവർ. സ്ക്രീൻഷോട്ടിൻ്റെ ഉറവിടം കണ്ടെത്താനാണ് അഡ്മിന്മാരെ ചോദ്യം ചെയ്തത്. ചോദ്യംചെയ്യാനുള്ള മറ്റുള്ളവർക്ക് അടുത്ത ദിവസം തന്നെ നോട്ടീസ് അയയ്ക്കാനാണ് എസ്ഐടിയുടെ തീരുമാനം.

2024 മാർച്ച് 18 നാണ് വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപാണ് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. വടകര ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ വരുന്ന ഡിവൈഎഫ്ഐ നേതാക്കളും വടകര മണ്ഡലം കമ്മിറ്റിക്ക് കീഴിൽ വരുന്ന സിപിഎം നേതാക്കളുമാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നതെന്നും എസ്ഐടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *