മദ്യനയത്തിൽ മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെസിബിസി മദ്യവിരുദ്ധ സമിതി

കൊച്ചി: മദ്യനയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശന് തുറന്ന കത്തയച്ച് കേരള കാതോലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) മദ്യവിരുദ്ധ സമിതി. സംസ്ഥാനത്ത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ മദ്യനയം തുടർന്നും നടപ്പിലാക്കണമെന്നും പുതിയ മദ്യശാലകൾ തുടങ്ങരുതെന്നുമാണ് കത്തിലെ പ്രധാന ആവശ്യം. പിണറായി സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച സമിതി, ഈ നയങ്ങൾ പൂർണമായും തിരുത്തണമെന്നും ആവശ്യപ്പെടുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വ്യാപകമായി മദ്യശാലകൾ തുറന്ന നടപടി പിൻവലിക്കണമെന്നും കത്തിൽ പറയുന്നു.

സംസ്ഥാനത്ത് പുതിയ മദ്യശാലകൾ അനുവദിക്കരുത് എന്നതാണ് സമിതി ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇതിനൊപ്പം ഓരോ വർഷവും 10 ശതമാനം വീതം ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ നിർത്തലാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പിണറായി സർക്കാർ രൂപീകരിച്ച ‘വിമുക്തി മിഷൻ’ പൂർണമായും പിരിച്ചുവിടണമെന്നും പാലക്കാട് ബ്രൂവറി ഡിസ്റ്റിലറിക്ക് നൽകിയ അനുമതി സർക്കാർ പിൻവലിക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ലഹരി നിർമാർജനത്തിനായി ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിക്ക് സമിതി പൂർണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

മദ്യശാലകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി സർക്കാരിനോട് ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തെ മദ്യശാലകളുടെ ദൂരപരിധി നിലവിലെ 200 മീറ്ററിൽ നിന്നും 400 മീറ്ററായി ഉയർത്തണം. സംസ്ഥാനത്തെ ജയിലുകളിൽ മദ്യമോ മറ്റു ലഹരിവസ്തുക്കളോ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണം ശക്തമാക്കണം. കൂടാതെ, മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് പലതരം സിറിഞ്ചുകളും പ്രത്യേകതരം മരുന്നുകളും നിരന്തരം വാങ്ങുന്ന ആളുകളെ നിരീക്ഷിക്കുന്നതിനായി ഷാഡോ പൊലീസിനെ നിയോഗിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. 31ഓളം ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കെസിബിസി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *