കൊൽക്കത്ത: കൊല്‍ക്കത്തയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മമത ബാനര്‍ജിക്കെതിരെ കേസ്. കൊല്‍ക്കത്ത പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥതയുമുണ്ടാക്കാന്‍ മമതയുടെ പ്രസംഗം കാരണമായെന്നാണ് പരാതി. കൊല്‍ക്കത്ത സ്വദേശിയായ തുഷാര്‍ കാന്തി ദാസാണ് പരാതി നല്‍കിയത്.
വോട്ടിംഗ് രീതികള്‍ മാറിയാല്‍ ഒരു പ്രത്യേക സമൂഹത്തിന് പ്രതികൂല ഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് സൂചിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ മമത ബാനര്‍ജി നടത്തിയതായി തുഷാര്‍ കാന്തിദാസ് പരാതിയില്‍ അവകാശപ്പെട്ടു. ഈ പരാമര്‍ശങ്ങള്‍ പ്രകോപനപരവും സാമുദായിക ഐക്യത്തെയും പൊതു സമാധാനത്തെയും തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള കാലയളവില്‍ കൊല്‍ക്കത്തയുടെയും പശ്ചിമ ബംഗാളിലെ മറ്റ് ജില്ലകളിലെയും ചില ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഗീയ അക്രമ സംഭവങ്ങള്‍ ഈ പ്രസംഗത്തിന്റെ അനന്തരഫലമാണെന്നും പരാതിക്കാരന് ആരോപിച്ചു.
