ഹരിത സാവിത്രിക്കെതിരെ നിയമനടപടിയുമായി കെ ആര്‍ മീര

കൊച്ചി: ‘കലാച്ചി’ എന്ന നോവലുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിയമനടപടിയുമായി എഴുത്തുകാരി കെ ആര്‍ മീര. സമൂഹമാധ്യമത്തിലും പൊതു സമൂഹത്തിലും ഹരിത സാവിത്രി ഉയര്‍ത്തിയ ആരോപണങ്ങള്‍ വായനക്കാരുടെ മുന്നില്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് താന്‍ ഹരിത സാവിത്രിക്ക് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നതെന്ന് കെ ആര്‍ മീര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ ആര്‍ മീരയുടെ കലാച്ചിയുടെയും ഹരിത സാവിത്രിയുടെ സിന്നും തമ്മില്‍ ഉള്ളടക്കത്തില്‍ സാമ്യമുണ്ടെന്നായിരുന്നു ഉയര്‍ന്ന ആരോപണം. 2022ലായിരുന്നു ഹരിതയുടെ സിന്‍ പുറത്തിറങ്ങിയത്. മീരയുടെ കലാച്ചി പുറത്തിറങ്ങിയത് 2025ലായിരുന്നു. കാമുകനെ തേടി വിദേശത്തെ പ്രശ്നബാധിത മേഖലയില്‍ പോകുന്ന യുവതികളുടെ പോരാട്ടമായിരുന്നു രണ്ട് നോവലുകളിലെയും അടിസ്ഥാന പ്രമേയം. ഇത് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച നടന്നിരുന്നു. ഇതിനിടെ കെ ആര്‍ മീരയ്ക്കെതിരെ ഒളിയമ്പുമായി ഹരിത ഫെസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ‘ലോകമെമ്പാടുമുള്ള സാഹിത്യ മോഷ്ടാക്കളുടെ ചില നീച തന്ത്രങ്ങള്‍’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹരിതയുടെ കുറിപ്പ്. ചിലര്‍ മറ്റൊരു രാജ്യത്തിലേക്ക് കഥ പറിച്ചു നടുമെന്നും രാത്രിയെ പകലാക്കുകയും മഴയെ മഞ്ഞാക്കുകയും ചെയ്യുമെന്നും ഹരിത പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫെസ്ബുക്കിലൂടെ തന്നെ പ്രതികരണവുമായി മീരയും രംഗത്തെത്തിയിരുന്നു. 2025ലാണ് കലാച്ചി പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചതെങ്കിലും 2020 നവംബര്‍ 16 മുതല്‍ ഖണ്ഡഃശ്ശ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *