തിരുവനന്തപുരം: കൂടുതൽ വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം ഫലം കണ്ടില്ല. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്.
അതേസമയം ആവർത്തിച്ച് പറഞ്ഞിട്ടും വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമർപ്പിച്ചില്ലെന്നും ഉത്തരവിൽ വിമർശനമുണ്ട്. കെഎസ്ഇബി പവർ എക്സ്ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ലെന്നാണ് വിമര്‍ശനം. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശമുള്ളതായും കമ്മീഷൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍റെ നിര്‍ദേശം. മൺസൂൺ ശക്തിപ്പെടുമ്പോൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്‍റെ ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ ഉത്തരവില്‍ പറയുന്നു.
മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഫുട്ബോൾ ലോകകപ്പ് മത്സരം കാണാൻ രാത്രി വൈകിയും ആളുകൾ ഉണർന്നിരിക്കുന്നതിനാൽ രാത്രിയിൽ വൈദ്യുതി ഉപഭോഗം കൂടുതലാണെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. കാലവർഷത്തിൽ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവിൽ കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജലസംഭരണികളിൽ 58.58 ശതമാനം വെള്ളം ഉണ്ടായിരുന്നു.
