സർക്കാരിന്റെ അഭിഭാഷക നിയമനത്തിൽ പരാതിയുമായി ലോയേഴ്സ് കോൺഗ്രസ്

തിരുവനന്തപുരം: ഹൈക്കോടതി അഭിഭാഷക നിയമനങ്ങളിൽ കോൺ​ഗ്രസിൽ കടുത്ത അതൃപ്തി. മുഖ്യമന്ത്രി ഏകപക്ഷീയമായി നിയമനങ്ങൾ നടത്തിയെന്ന പരാതിയാണ് ഉയരുന്നത്. മന്ത്രിമാർ അറിയാതെയാണ് ഹൈക്കോടതി അഭിഭാഷക നിയമനങ്ങൾ നടന്നതെന്നും വിമർശനമുണ്ട്. അഭിഭാഷക നിയമനം ചർച്ച ചെയ്തിട്ടില്ലെന്നാണ് പരാതി. ഹൈക്കോടതി അഭിഭാഷക നിയമനങ്ങളിൽ അനഭിമതർ കടന്നുകൂടിയതായും ആരോപണമുണ്ട്. ദേവസ്വം പ്ലീഡറുടെ നിയമനം ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് വിമർശനം. വിഷയത്തിൽ നേതാക്കൾ നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

സർക്കാരിന്റെ അഭിഭാഷക നിയമനത്തിൽ പരാതിയുമായി ലോയേഴ്സ് കോൺഗ്രസും രം​ഗത്തെത്തിയിട്ടുണ്ട്. പാർട്ടിയുമായി ബന്ധമില്ലാത്തവരെ നിയമിക്കുന്നതായി കെപിസിസി അധ്യക്ഷന് ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പരാതി നൽകി. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പി. കെ അബ്ദുറഹ്മാൻ ആണ് പരാതി നൽകിയത്. കോൺഗ്രസ് അഭിഭാഷക‍ർക്ക് പരിഗണന നൽകുന്നില്ലെന്നാണ് പരാതി. വ്യക്തിപരമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമനങ്ങളെന്നും ലോയേഴ്സ് കോൺഗ്രസിലെ അംഗങ്ങളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഹൈക്കോടതി പ്ലീഡർ നിയമനത്തിൽ മുസ്‌ലിം ലീഗിനും അതൃപ്തിയുണ്ട്. ലീഗ് പട്ടികയിൽ നിന്നും പരിഗണിച്ചത് എട്ട് പ്ലീഡർമാരെ മാത്രമാണെന്നാണ് ലീ​ഗ് ചൂണ്ടിക്കാണിക്കുന്നത്. ആകെ 136 ഒഴിവുകളിൽ ഇതുവരെ നിയമിച്ചത് 80പേരെ മാത്രമാണ്. മുഖ്യമന്ത്രി നേരിട്ടാണ് നിയമനം നടത്തുന്നത്. ലീഗിന്റെ പട്ടികയിൽ മെറിറ്റുള്ളവർ പോലും പരിഗണിക്കപ്പെടുന്നില്ലെന്ന ആശങ്കയും പങ്കുവയ്ക്കുന്നുണ്ട്. 22 എംഎൽഎമാരും അഞ്ച് മന്ത്രിമാരും ഉണ്ടെങ്കിലും എട്ടുപേരെ മാത്രമേ നിയമിച്ചിട്ടുള്ളു. കഴിഞ്ഞ സർക്കാർ 136 പേരെ നിയമിച്ച സ്ഥാനത്ത് പുതിയ സർക്കാരിന് അതിൽ വർധനവ് വരുത്താൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *