വകുപ്പ് മന്ത്രി നിലപാട് പറയട്ടെ: മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

കൊച്ചി: മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്തതുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നോട്ടീസിന് മറുപടി നൽകിയെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ. മുനമ്പത്തേത് വഖഫ് അല്ലെന്ന് സർക്കാർ നിലപാടെടുത്തിട്ടില്ലെന്നും മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും കെ എസ് ഹംസ വ്യക്തമാക്കി. മുനമ്പം അടക്കം 400 വസ്തുവകൾ പോർട്ടലിൽ ചേർത്തുവെന്നും വഖഫ് ബോർഡ് ചെയർമാൻ കൂട്ടിച്ചേർത്തു. മുനമ്പം ജനത തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നും തെറ്റിദ്ധരിക്കപ്പെട്ട ഹതഭാഗ്യരായ കുടുംബങ്ങളോട് വിദ്വേഷമില്ലെന്നും കെ എസ് ഹംസ വ്യക്തമാക്കി. ഫറുഖ് കോളേജ് അടക്കം തെറ്റിദ്ധരിപ്പിച്ചുവെന്നും വഖഫ് ബോർഡ് ചെയർമാൻ കുറ്റപ്പെടുത്തി

മുഖ്യമന്ത്രി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാകാമെന്നും വകുപ്പ് മന്ത്രി നിലപാട് പറയട്ടെയെന്നും കെ എസ് ഹംസ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായം ആകാമെന്ന് ക്യാബിനറ്റിലെ മറ്റുള്ളവർ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയിൽ ക്യാബിനറ്റ് നിലപാടായി ഒന്നും വന്നിട്ടില്ല. വ്യത്യസ്തമായ അഭിപ്രായമുണ്ടോയെന്ന് എൻ ഷംസുദ്ദീനോട് ചോദിക്കണം. മുഖ്യമന്ത്രി മുനമ്പം വഖഫ് അല്ലെന്ന് പറയുന്നത് എന്താണെന്ന് അറിയില്ല. പൊളിറ്റിക്സ് അല്ലേ? എന്തെങ്കിലും താല്പര്യമുണ്ടോ എന്ന് അറിയില്ലെന്നും കെ എസ് ഹംസ വ്യക്തമാക്കി.

വിൽപ്പന അധികാരമില്ലാത്ത ഭൂമിയാണ് വിറ്റതെന്നും ഫാറൂഖ് കോളേജും അഡ്വക്കേറ്റ് പോളും അടക്കമുള്ളവർ ചേർന്ന് ഗൂഡാലോചന നടത്തിയെന്നും കെ എസ് ഹംസ കുറ്റപ്പെടുത്തി. ട്രൈബ്യൂണലിലെ തീരുമാനം വരട്ടെയെന്നും മുനമ്പം ജനതയുടെ പുനരധിവാസം രണ്ടാംഘട്ടത്തിലെ കാര്യമാണെന്നും വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കി. പരിഹാരം ഇപ്പോൾ പറയാൻ ആവില്ല. മുനമ്പം ഭൂമിയിൽ വഖഫ് ആസ്തിയിൽ സ്ഥിരപ്പെടുത്തുക എന്നതാണ് പ്രധാനമെന്നും കെ എസ് ഹംസ ചൂണ്ടിക്കാണിച്ചു.

ബോർഡിൽ മുസ്ലിം ഇതര അംഗങ്ങൾ വേണമെന്ന് ആവശ്യത്തിൽ സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കി. വേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും കെ എസ് ഹംസ ചൂണ്ടിക്കാണിച്ചു. സിഇഒ നിയമനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ 10 മിനിറ്റ് പരാമർശം എട്ടിലെ പശുവാണെന്നും മുൻപ് പറഞ്ഞ അഭിപ്രായമായിരിക്കില്ല ഇപ്പോൾ ഉണ്ടാവുകയെന്നും കെ എസ് ഹംസ പറഞ്ഞു. ഇപ്പോൾ ഔദ്യോഗിക നിയമപദേശകരുണ്ടെന്നും കെ എസ് ഹംസ ചൂണ്ടിക്കാണിച്ചു.

മുനമ്പത്ത് വില കൊടുത്തു വന്നവർ വഞ്ചിക്കപ്പെട്ടവരാണെന്നും ഒപ്പം റിസോർട്ടുകാരും കയ്യേറ്റക്കാരും ഉണ്ടെന്നും കെ എസ് ഹംസ ചൂണ്ടിക്കാണിച്ചു. ഭൂമി തർക്കത്തിൽ ലീഗ് നേതൃത്വം നിലപാട് പറയട്ടെ. ഫോർമുലകൾ ഒരുപാടുണ്ട്. അത്തരം ചർച്ചകൾ ഉയർന്നു വരട്ടെ. സർക്കാർ മുൻകൈ എടുത്താൽ സഹകരിക്കും. നീതി ഉറപ്പാക്കൽ സാധ്യമാകണം.കോടതി തീരുമാനമാണ് പ്രധാനം. ഉടമസ്ഥാവകാശ തർക്കമാണ് നിലവിലുള്ളത്. തീതീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും കെ എസ് ഹംസ കൂട്ടിച്ചേർത്തു. ശേഷം പ്രശ്നം പരിഹാരത്തിന് ഫോർമുലകൾ ഉണ്ടെന്നും മുനമ്പം ഭൂമിയിൽ ചേർത്തപ്പോൾ തർക്ക ഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെ എസ് ഹംസ കൂട്ടിച്ചേർത്തു. മുസ്ലിം ലീഗിലേയ്ക്ക് മടങ്ങുന്നത് അടഞ്ഞ അധ്യായമാണെന്നും ചോദ്യത്തിന് ഉത്തരമായി കെ എസ് ഹംസ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *