മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ആഗോള റിലീസ് ജൂൺ 19ന്

കൊച്ചി : മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” റിലീസ് തീയതി പുറത്ത്. ജൂൺ 19ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.
അടുത്തിടെ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. “കര കവിയാതെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് ഈണം നൽകിയത് ഗോവിന്ദ് വസന്ത, ആലപിച്ചത് അഭിജിത് അനിൽകുമാർ എന്നിവരാണ്. ഇന്ദ്രൻസ്, മധുബാല എന്നിവർ അഭിനയിക്കുന്ന ഈ ഗാനം അതീവ മനോഹരമായാണ് ഒരുക്കിയത് എന്നതും ശ്രദ്ധേയമായി. ഈ മനോഹര ഗാനം, ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.

ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ് എന്നതും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഘടകമാണ്. മധുബാലക്കൊപ്പം, ഗംഭീരമായ അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ ഇന്ദ്രൻസ് തൻ്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്ന് പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *