ന്യൂഡൽഹി: സിജെപി സമരത്തിനിടെയുണ്ടായ പോലീസ് ഭീകരതയിൽ ഇരയാക്കപ്പെട്ട വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും ഉടൻ രാജിവെച്ച് പുറത്ത് പോകണമെന്നും വിഷയം ഇരുസഭകളിലും ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യയിലെ വിദ്യാർഥികളോടും പ്രധാനമന്ത്രിയോടുമുള്ള എന്റെ നേരിട്ടുള്ള സന്ദേശം’ എന്ന ക്യാപ്ഷനോടെയാണ് രാഹുൽ വീഡിയോ പോസ്റ്റ് ചെയ്തത്. ലോക്‌സഭാ സ്പീക്കർ ഓം ബിർളയെ താൻ കണ്ടുവെന്നും വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞദിവസം വിദ്യാർഥികൾക്ക് എന്താണ് സംഭവിച്ചത് എന്നത് ചർച്ച ചെയ്യാൻ അനുവദിക്കേണ്ടത് പ്രധാനമാണെന്ന് താൻ സ്പീക്കറോട് പറഞ്ഞു. സർക്കാരിൽ നിന്ന് അനുമതി തേടണമെന്നാണ് സ്പീക്കർ പറഞ്ഞത്. എന്നാൽ സർക്കാരിന് ചർച്ചയിൽ ഒരു താത്പര്യവുമില്ലെന്ന കാര്യം തങ്ങൾക്ക് വ്യക്തമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മോദി വിദ്യാർഥികളോട് മാപ്പ് പറയണം
