മുംബൈ ടി20 ലീഗിൽ തകർപ്പൻ ജയം

മുംബൈ: ഇന്ത്യൻ ടി20 ടീമിൻറെ നായകസ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെ ആഭ്യന്തര ലീഗിലും സൂര്യകുമാർ യാദവിന് നിരാശ. മുംബൈ ടി20 ടൂർണമെൻറിൽ സൂര്യകുമാർ യാദവ് നയിച്ച ട്രയംഫ് നൈറ്റ്സ് എംഎൻഇയെ തകർത്ത് ശ്രേയസ് അയ്യരുടെ സോബോ മുംബൈ ഫാൽക്കൺസ് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ സൂര്യകുമാറിൻറെ ടീമുയർത്തിയ 148 റൺസ് വിജയലക്ഷ്യം ശ്രേയസിൻറെ മാച്ച് വിന്നിംഗ് ഇന്നിംഗ്സിൻറെ കരുത്തിലാണ് ഫാൽക്കൺസ് മറികടന്നത്. സൂര്യകുമാറിനെ മാറ്റി ശ്രേയസിനെ ഇന്ത്യൻ ടി20 ടീമിൻറെ പുതിയ നായകനായി ബിസിസിഐ ശനിയാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു മൈതാനത്തും ഇരുവരും നേർക്കുനേർ വന്നത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ട്രയംഫ് നൈറ്റ്സിന് തുടക്കം പാളി. അഞ്ചാം ഓവറിൽ 19 റൺസെടുക്കുന്നതിനിടെ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടമായി പതറിയ ട്രയംഫിനെ പിന്നീട് ക്രീസിലൊന്നിച്ച നൂതൻ കുമാർ ഗോയലും ക്യാപ്റ്റൻ സൂര്യകുമാറും ചേർന്ന് മൂന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടിച്ചേർത്ത് തകർച്ചയിൽ നിന്ന് കരകയറ്റി. എന്നാൽ 11-ാം ഓവറിൽ സൂര്യകുമാറിനെ യഷ് ഡിചോൽക്കർ പുറത്താക്കിയതോടെ നൈറ്റ്സിൻറെ ബാറ്റിംഗ് നിര വീണ്ടും തകർന്നു. പിന്നീട് മികച്ച കൂട്ടുകെട്ടുകളൊന്നും കെട്ടിപ്പടുക്കാൻ കഴിയാതിരുന്ന ട്രയംഫ് നിശ്ചിത ഓവറിൽ 147 റൺസ് മാത്രമാണ് നേടിയത്. മൂന്ന് ഫോറും നാല് സിക്സും പറത്തി 24 പന്തിൽ 48 റൺസെടുത്താണ സൂര്യകുമാർ ബാറ്റിംഗിൽ തിളങ്ങി.

Leave a Reply

Your email address will not be published. Required fields are marked *