ഭോപ്പാൽ: മധ്യപ്രദേശിൽ ഗർഭിണികൾക്കായി അംഗൻവാടി വഴി വിതരണം ചെയ്ത പോഷകാഹാരപ്പൊതിയിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. പാണ്ഡുർണ ജില്ലയിലെ കാർഘട്ട് കാംതി ഗ്രാമത്തിലെ വച്ഛല ബായി ധുർവെ എന്ന ഗർഭിണിക്ക് നൽകിയ ലഡ്ഡു അടങ്ങിയ പോഷകാഹാരപ്പൊതിയിലാണ് ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തിയത്. വീട്ടിലെത്തിച്ച കവർ കുടുംബാംഗങ്ങൾ തുറന്നു നോക്കിയപ്പോഴാണ്
ഇത് കണ്ടത്. ഭാഗ്യം കൊണ്ടുമാത്രമാണ് ഇവർ ഈ ഭക്ഷണം കഴിക്കാതിരുന്നതും വലിയൊരു ദുരന്തം ഒഴിവായതും.
ഗർഭിണികൾക്കും കുട്ടികൾക്കും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെയും സുരക്ഷിതത്വത്തെയും ചോദ്യം ചെയ്തുകൊണ്ട് ഗ്രാമവാസികൾ കടുത്ത രോഷവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞയുടൻ വനിതാ ശിശുവികസന വകുപ്പ് പ്രൊജക്റ്റ് ഓഫീസർ ഉഷാ പാണ്ഡ്രെ, നന്ദൻവാടി പൊലീസ്, നായിബ് തഹസിൽദാർ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പോഷകാഹാരപ്പൊതി കസ്റ്റഡിയിലെടുത്ത് ഔദ്യോഗിക പരിശോധനാ റിപ്പോർട്ട് തയ്യാറാക്കി. ഭക്ഷണത്തിന്‍റെ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്കായി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിൽ അടിയന്തരമായി ഇടപെട്ട ആക്ടിങ് കളക്ടർ അഗ്രിം കുമാർ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത സാമ്പിളുകൾ ഭോപ്പാലിലെ സ്റ്റേറ്റ് ഫുഡ് ടെസ്റ്റിംഗ് സെന്‍ററിലേക്ക് അയച്ചിട്ടുണ്ടെന്നും ലബോറട്ടറി പരിശോധനാ ഫലവും അന്വേഷണ റിപ്പോർട്ടും ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
