പേരിൽ മാറ്റം വരുത്തി; കെ.എസ്.ആർ.ടി.സി. ബിസിനസ് ക്ലാസ് ബസുകൾ നിരത്തിലേക്ക്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബിസിനസ് ക്ലാസ് ആഡംബര ബസുകൾ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം പുതിയ പേരിൽ നിരത്തിലിറക്കുന്നു. എക്സിക്യുട്ടീവ് ക്ലാസ് എന്നാണ് പുതിയ പേര്, വിമാനത്തെ അനുസ്മരിപ്പിക്കുന്ന അകത്തളമുള്ള ബസ് ആലപ്പുഴ-ബെംഗളൂരു പാതയിൽ ഞായറാഴ്ച ഓടിത്തുടങ്ങും.

ആലപ്പുഴയിൽനിന്ന് വൈകീട്ട് അഞ്ചരയ്ക്കു പുറപ്പെടുന്ന ബസ് വൈറ്റില, തൃശ്ശൂർ മണ്ണുത്തി ബൈപ്പാസ്, പാലക്കാട് ചന്ദ്രനഗർ, കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസ്, സേലം വഴി പിറ്റേദിവസം രാവിലെ 5.55-ന് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽനിന്ന് രാത്രി എട്ടിനു പുറപ്പെടുന്ന സർവീസ് പിറ്റേന്ന് രാവിലെ എട്ടിന് ആലപ്പുഴയിൽ എത്തും.

തിരുവനന്തപുരം-എറണാകുളം

ബിസിനസ് ക്ലാസിനു വാങ്ങിയ രണ്ട് ബസുകളിൽ ഒരെണ്ണം തിരുവനന്തപുരം -എറണാകുളം പാതയിൽ അടുത്തയാഴ്ച ഓടിത്തുടങ്ങും. സ്വിഫ്റ്റ് വനിതാ ജീവനക്കാരാകും ഇതിൽ ബസ് ഹോസ്റ്റസാകുക. രാവിലെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് പത്തിനു മുൻപ് എറണാകുളത്ത് എത്തുന്നവിധമാണ് സമയക്രമം. 800 രൂപയ്ക്കുതാഴെയാണ് നിരക്ക്. തിങ്കൾമുതൽ വെള്ളിവരെയാണ് എറണാകുളം സർവീസ്. ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂരിലേക്കു നീട്ടും.

വോൾവോയുടെ ആഡംബര ബസിനെ അടിസ്ഥാനമാക്കിയാണ് ബിസിനസ് ക്ലാസ് സംവിധാനങ്ങളോടെയുള്ള പുതിയ ബസ് ഒരുങ്ങിയിരിക്കുന്നത്. ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതം നൽകിയാണ് സീറ്റിങ് ലേഔട്ട് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സീറ്റിന് പിന്നിലും പ്രത്യേകം സ്‌ക്രീനുകളും നൽകിയിട്ടുണ്ട്. പൂർണമായും ചായിക്കാവുന്നതും ലെതർ ആവരണം നൽകിയിട്ടുള്ളതുമാണ് സീറ്റുകൾ. മൊബൈൽ ചാർജിങ്, ബോട്ടിൽ ഹോൾഡർ, ലഗേജ് റാക്ക്, ഫുട്ട് റെസ്റ്റ്, ഹാർഡ് റെസ്റ്റ്, വിൻഡോ കർട്ടൺ തുടങ്ങിയ സംവിധാനങ്ങളാണ് ഇതിലുള്ളത്. നീല നിറമാണ് എക്സ്റ്റീരിയറിന് നൽകിയിട്ടുള്ളത്.കെഎസ്ആർടിസിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത മറ്റ് പല സംവിധാനങ്ങളും ഈ ബസിനുള്ളിൽ ഒരുങ്ങുന്നുണ്ട്. വോൾവോയുടെ ബസിനെ അടിസ്ഥാനമാക്കിയാണ് ബിസിനസ് ക്ലാസ് ഒരുക്കിയിരിക്കുന്നതെങ്കിലും 35 സീറ്റുകൾ മാത്രമാണ് ഇതിൽ നൽകിയിരിക്കുന്നത്. ഉയർന്ന സ്‌പേസാണ് ഓരോ യാത്രക്കാരനും ലഭിക്കുക. ചായ ഉൾപ്പെടെയുള്ള ലഘുഭക്ഷണം, ടോയ്ലറ്റ്, പാൻട്രി തുടങ്ങിയ സംവിധാനങ്ങൾ ബസിനുള്ളിൽ ഒരുക്കും.

Leave a Reply

Your email address will not be published. Required fields are marked *