മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ പൊടിയും താഴ്ന്ന മേഘങ്ങളും മൂലം കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ധോഫാർ തീരങ്ങളിലും മലയോര മേഖലകളിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ഇടവിട്ടുള്ള ചാറ്റൽമഴക്കൊപ്പം മലനിരകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നും സിഎഎ വ്യക്തമാക്കി.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ഇടത്തരം, ഉയർന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം അൽ ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിൽ പ്രാദേശികമായി മഴമേഘങ്ങൾ രൂപപ്പെടുന്നതിനെത്തുടർന്ന് ഒറ്റപ്പെട്ട മഴക്കും ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
