തെഹ്റാൻ/വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ ഭാഗമായി പശ്ചിമേഷ്യയിലെ അമേരിക്കൻ വിമാന വാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിൽ അതീവ ഗുരുതര സാഹചര്യമെന്ന് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. മറീനുകൾ മാനസിക സമ്മർദം താങ്ങാനാകാതെ കപ്പലിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച ഒന്നിലധികം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഭക്ഷ്യക്ഷാമം അനുഭവിക്കുന്നതായും പ്രാഥമികാവശ്യങ്ങൾക്ക് അടക്കം മറീനുകൾ ദുരിതം അനുഭവിക്കുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തുന്നു.
യുദ്ധം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അമേരിക്കൻ നാവിക സേനയുടെ അഭിമാനമായ എബ്രഹാം ലിങ്കണിലെ ഗുരുതര സംഭവങ്ങൾ പുറത്തുവന്നത്. കപ്പലിലുള്ള മറീനുകളുടെ ബന്ധുക്കളും അമേരിക്കൻ സെനറ്റർമാരുമാണ് നാവികരുടെ ദുരിതാവസ്ഥ പുറത്തുവിട്ടത്. ഇറാൻ യുദ്ധത്തിന്റെ കാര്യത്തിൽ പ്രതിരോധത്തിലായ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് മുകളിൽ സമ്മർദം ശക്തമാക്കുന്നതാണ് യുഎസ്എസ് എബ്രഹാം ലിങ്കണിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ട്. പ്രതിസന്ധി രൂക്ഷമായതോടെ പശ്ചിമേഷ്യയിൽ നിന്ന് കപ്പൽ പിൻവലിക്കുന്നതും പെന്റഗൺ ആലോചിക്കുന്നുണ്ട്. യുഎസ്എസ് എബ്രഹാം ലിങ്കണിന് പകരം യുഎസ്എസ് വാഷിങ്ടണിനെ പശ്ചിമേഷ്യയിലേക്ക് അയക്കുന്നതും പരിഗണിക്കുന്നുണ്ട്. 250 ദിവസമായി എബ്രഹാം ലിങ്കൺ കപ്പൽ കടലിൽ തുടരുകയാണ്. 200 ദിവസത്തോളമായി തുറമുഖങ്ങളിൽ അടുത്തിട്ടുമില്ല. ഈ സാഹചര്യത്തിൽ പുറത്തിറങ്ങാൻ സാധിക്കാത്ത നാവികർ കടുത്ത മാനസിക സമ്മർദം ആരംഭിക്കുന്നുണ്ട്. ആഗസ്റ്റ് ആദ്യം കപ്പലിന്റെ ഡെക്കിൽ നിന്ന് കടലിലേക്ക് ചാടി ജീവൻ അവസാനിപ്പിക്കാൻ ശ്രമിച്ച നാവികനെ ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഈ സംഭവത്തിന് ശേഷവും രണ്ടിലധികം നാവികർ കപ്പലിൽ നിന്ന് ചാടാൻ ശ്രമിച്ചതായും ബന്ധുക്കൾ അമേരിക്കൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതായും നാവികരുടെ ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. ഒരു ആഴ്ചയിൽ കൂടുതൽ വസ്ത്രങ്ങൾ അലക്കാൻ കഴിയാത്തതും ഫ്രഷ് ഫുഡ് കിട്ടാത്തതും എല്ലാം പ്രതിസന്ധി രൂക്ഷമാക്കുന്നു. കപ്പലിൽ ജോലിയിൽ പ്രവേശിച്ച ശേഷം ഒരു നാവികന്റെ ശരീര ഭാരം 29 കിലോ കുറഞ്ഞതായി ബന്ധുവിന്റെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.തകർന്ന ടോയ്ലറ്റുകൾ, ആഴ്ചകളോളം അലക്കാൻ കഴിയാത്ത സാഹചര്യം, ചൂടുവെള്ളമില്ല, അര കപ്പ് ചോറും രണ്ട് ടോർട്ടിലകളും മാത്രമായി ചുരുങ്ങിയ ഭക്ഷണം. സോപ്പ്, ഡിയോഡറന്റ്, ടൂത്ത് പേസ്റ്റ് എന്നിവയില്ലായ്മ തുടങ്ങിയ ദുരിത പൂർണമായ അവസ്ഥയാണ് ഇപ്പോൾ യു.എസ്.എസ് എബ്രഹാം ലിങ്കണിൽ അനുഭവിക്കുന്നതെന്ന് കാലിഫോർണിയയിൽ നിന്നുള്ള കോൺഗ്രസ് അംഗം മൈക്ക് ലെവിൻ വ്യക്തമാക്കി.
2025 നവംബറിൽ കാലിഫോർണിയയിൽ നിന്ന് സൗത്ത് ചൈന കടയിലേക്ക് പുറപ്പെട്ട കപ്പൽ ഇറാൻ യുദ്ധത്തെ തുടർന്നാണ് ഫെബ്രുവരിയിൽ പശ്ചിമേഷ്യയിലേക്ക് നീങ്ങിയത്. മേയ് മാസത്തിൽ അമേരിക്കയിൽ തിരിച്ചെത്തേണ്ടിയിരുന്നതാണെങ്കിലും ഇറാൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ നീളുകയായിരുന്നു. അയ്യായിരം നാവികരാണ് കപ്പലിലുള്ളത്
അടിസ്ഥാന സാധനങ്ങളുടെ ദൗർലഭ്യം, ജല മലിനീകരണം, പ്ലംബിംഗ് പ്രശ്നങ്ങൾ, വഷളാകുന്ന മാനസികാരോഗ്യം, ഡെക്ക് സുരക്ഷാ ആശങ്കകൾ, മെയിൽ സംവിധാനത്തിലെ തടസ്സങ്ങൾ തുടങ്ങിയവ യുദ്ധക്കപ്പലിൽ അനുഭവപ്പെടുന്നുണ്ടെന്ന് ഡെമോക്രാറ്റ് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്റൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന് അയച്ച കത്തിൽ കുറ്റപ്പെടുത്തി. കപ്പലിലെ ദുരിതപൂർണ സാഹചര്യം പരിശോധിക്കാൻ കോൺഗ്രസ് പ്രതിനിധി സംഘത്തെ കപ്പൽ സന്ദർശിക്കാൻ നിയോഗിക്കണമെന്ന് സഹ ഡെമോക്രാറ്റിക് സെനറ്റർ റൂബൻ ഗാലെഗോ ആവശ്യപ്പെട്ടു. അതേസമയം, കപ്പലിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടുകൾ പൂർണമായും തെറ്റാണെന്നും പീറ്റ് ഹെഗ്സത്ത് പറയുന്നു.
