മദീനയിൽ പുതിയ സ്മാർട്ട് പാർക്കിങ് സംവിധാനം വരുന്നു

ജിദ്ദ: നഗരത്തിലെ യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പൊതു പാർക്കിങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനുമായി പുതിയ ‘മദീന പാർക്കിങ്’ പദ്ധതിയുമായി മുനിസിപ്പാലിറ്റി. നഗരത്തിലെ തിരക്കേറിയതും വാണിജ്യ പ്രാധാന്യമുള്ളതുമായ മേഖലകളിൽ വാഹന പാർക്കിങ് കൃത്യമായി നിയന്ത്രിക്കാനും ഗതാഗത ഒഴുക്ക് വർധിപ്പിക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള കേന്ദ്രങ്ങളിൽ സേവനം പൂർണമായും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

ജനങ്ങൾക്കും സന്ദർശകർക്കും പാർക്കിങ് സ്പേസ് തിരഞ്ഞുനടന്നുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാൻ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് സഹായിക്കും. നഗരത്തിലെ അലക്ഷ്യമായ പാർക്കിങ് രീതികൾ കുറയ്ക്കുന്നതിലൂടെ റോഡുകളിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും നഗര ഭംഗി നിലനിർത്താനും സാധിക്കും. ഇത് ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ലക്ഷ്യങ്ങളുടെ ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *