ലക്നൗ: ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ലക്നൗ സൂപ്പർ ജയന്‍റ്സിനായി തിളങ്ങിയ യുവ പേസർ പ്രിൻസ് യാദവിന് ഇന്ത്യൻ കുപ്പായത്തിലേക്കുള്ള ദൂരം കുറവാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിരാട് കോലിയെ വിറപ്പിച്ച പ്രിൻസിന്‍റെ പന്തുകൾ ലോകോത്തര നിലവാരത്തിലുള്ളതാണെന്നും ലക്നൗ താരം ഉടൻ തന്നെ ഇന്ത്യക്കായി കളിക്കുമെന്നും ചോപ്ര പ്രവചിച്ചു.
മഴ പലവട്ടം വില്ലനായ മത്സരത്തിൽ ആർസിബിക്കെതിരെ ലക്നൗവിനായി വിരാട് കോലിയുടേത് ഉള്‍പ്പെടെ 3 വിക്കറ്റുകള്‍ വീഴ്ത്തി പ്രിന്‍സ് യാദവ് തിളങ്ങിയിരുന്നു. ഏതൊരു രാജകുമാരന്‍റെയും സ്വപ്നം രാജാവാകുക എന്നതാണ്. അതിന് ആദ്യം രാജാവിനെ തന്നെ പുറത്താക്കണം. പ്രിൻസ് അത് കൃത്യമായി ചെയ്തു- ചോപ്ര പറഞ്ഞു. നേരിട്ട രണ്ടാം പന്തിൽ തന്നെ വിരാട് കോലിയെ ക്ലീൻ ബൗൾഡാക്കിയ പ്രിൻസിന്‍റെ പന്തിനെ ദിവ്യത്വമുള്ള പന്ത് എന്നാണ് ആകാശ് ചോപ്ര വിശേഷിപ്പിച്ചത്. സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് 16 വിക്കറ്റ് വീഴ്ത്തിയ പ്രിന്‍സ് യാദവ് 8.08 എന്ന മികച്ച ഇക്കോണമിയിലാണ് പന്തെറിയുന്നത്. സീസണില്‍ ലക്നൗവിന്‍റെ വിശ്വസ്ത ബൗളറാണ് പ്രിന്‍സ്.
