ശൈശവ വിവാവ നിരോധന നിയമം എല്ലാ മതങ്ങള്‍ക്കും ബാധകം; അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ്: ശൈശവ വിവാവ നിരോധനം എല്ലാ മതങ്ങള്‍ക്കും ബാധകമെന്ന് അലഹബാദ് ഹൈക്കോടതി. മതനിയമങ്ങള്‍ക്ക് അത് അസാധുവാക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത് അനുസരിച്ച് ശരിയത്ത് നിയമ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത മുസ്ലിം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജെ ജെ മുനീര്‍ ജസ്റ്റിസ് അഞ്ചല്‍ സക്‌ദേവ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ശരിയത്ത് നിയമം അനുസരിച്ച് കൗമാര പ്രായമാണ് പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനായി കണക്കാക്കുന്നത്. എന്നാല്‍ ഇത് ശൈശവ വിവാഹ നിരോധന നിയമത്തിനും പോക്‌സോ നിയമത്തിനും എതിരാണെന്ന് കോടതി പറഞ്ഞു. വിവാഹ പ്രായം എല്ലാ മതങ്ങളിലും ഒന്ന് തന്നെയാണെന്നും കോടതി വ്യക്തമാക്കി.

ഫെബ്രുവരിയില്‍ ഉത്തര്‍ പ്രദേശിലെ ബുനാന്ത്ഷറില്‍ 16 വയസുളള ഒരു മുസ്ലീം ബാലികയുടെ വിവാഹം തടയുന്നതിനായി പൊലീസ് എത്തിയിരുന്നു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന ചിലര്‍ പൊലീസിന്റെ പ്രവൃത്തിയെ തടയുന്ന സ്ഥിതിയുണ്ടായി. ഇതില്‍ 19 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ ഇവര്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ശരിയത്ത് നിയമം അനുസരിച്ചുളള വിവാഹമാണ് തങ്ങള്‍ നടത്താല്‍ തീരുമാനിച്ചിരുന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പ്രതികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് മതനിയമങ്ങള്‍ ശൈശവ വിവാഹത്തെ അസാധുവാക്കില്ലെന്ന് കോടതി നിരീക്ഷിച്ചത്. സമാന നിരീക്ഷണം മുന്‍പ് കേരള ഹൈക്കോടതിയും നടത്തിയിരുന്നു. 1978 ലെ നിയമ പ്രകാരം സ്ത്രീകള്‍ക്ക് 18 വയസും പുരുഷന്‍മാര്‍ക്ക് 21 വയസുമാണ് നിയമപരമായ വിവാഹപ്രായം.

Leave a Reply

Your email address will not be published. Required fields are marked *