രാജ്യത്തെ നാലിലൊന്ന് കുട്ടിക്ക് അമിതവണ്ണം

ഡൽഹി: രാജ്യത്തെ കുട്ടികൾക്കിടയിൽ അമിതവണ്ണം ആശങ്കാജനകമായവിധം കൂടുന്നുവെന്ന് പഠനം. ഇന്ത്യയിലെ നാലിൽ ഒരു കുട്ടി അമിതവണ്ണം മൂലം വലയുന്നുവെന്നാണ് പഠനം പറയുന്നത്. ഇന്ത്യൻ ജേർണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനാരോഗ്യകരമായ ആഹാരശീലം, ഉദാസീനമായ ജീവിതരീതി തുടങ്ങിയവയാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. 125 പഠനങ്ങളിൽ നിന്നു ശേഖരിച്ച വിവരം പ്രകാരം ഇന്ത്യയിലെ സ്കൂൾ കുട്ടികളിൽ 6.97ശതമാനം അമിതവണ്ണത്താൽ വലയുന്നവരാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളെ അപേക്ഷിച്ച് വടക്കൻ മേഖലയിലാണ് ഉയർന്ന നിരക്ക്. 8.58 ശതമാനമാണ് ഇവിടുത്തെ കുട്ടികളിലെ അമിതവണ്ണത്തിന്റെ നിരക്ക്. മധ്യമേഖലയിൽ ഇത് 5.63 ശതമാനമാണ്. നഗരമേഖലയിലെ കുട്ടികളിൽ അമിതവണ്ണമുള്ളവർ കൂടുതലാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

കുട്ടികളിലെ അമിതവണ്ണം എന്നത് വെറുമൊരു വണ്ണംകൂടുന്നുവെന്ന പ്രശ്നം മാത്രമല്ല ഭാവിയിൽ ടൈപ് 2 ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദം, ഫാറ്റി ലിവർ ഡിസീസ്, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന വരുമാനമുള്ള കുടുംബങ്ങളിലും നഗരപ്രദേശങ്ങളിലും അമിതവണ്ണമുള്ള കുട്ടികളുടെ നിരക്ക് കൂടുന്നതിനുപിന്നിൽ സംസ്കരിച്ച ഭക്ഷണം സ്ഥിരമായി കഴിക്കുന്നതും ജീവിതരീതിയുമാണെന്ന് പഠനത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *