തിരുവനന്തപുരം: മറ്റന്നാള്‍ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മന്ത്രിസഭാ യോഗത്തിൽ എല്ലാവർക്കും വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പിരിയുന്ന സമയത്തായിരുന്നു മുഖ്യമന്ത്രി എല്ലാവര്‍ക്കും വിജയാശംസ നേര്‍ന്നത്. ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ രണ്ട് പ്രധാന തീരുമാനങ്ങളാണ് എടുത്തത്. ശമ്പള കമ്മീഷനെ നിയമിച്ചതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വാൽപ്പാറ ബസ് അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകുമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത കാബിനറ്റ് മെയ് 5 ന് ചേരും. ഭരണ തുടർച്ച ഉണ്ടായാലും ഇല്ലെങ്കിലും കാബിനറ്റ് ചേരണം.
അതേസമയം വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സഹായധനം അനുവദിച്ചു. മരിച്ചവരിൽ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത അഞ്ച് പേരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം നൽകും. മരിച്ച സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥിയായ മുഹമ്മദ് ഹിഷാം എന്നിവരുടെ ബന്ധുക്കൾക്കാണ് സഹായധനം അനുവദിച്ചത്. പരിക്കേറ്റ മൂന്ന് പേരുടെ ചികിത്സാച്ചെലവും സർക്കാർ വഹിക്കും. ഇൻഷുറൻസ് ഉളളവർക്ക്, അധിക തുക ചെലവായിട്ടുണ്ടെങ്കിൽ അതും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.
