വാഷിംഗ്ടൺ: ലോകകപ്പിന്‍റെ നോക്കൗട്ട് പോരാട്ടത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ 2-0 ന് തോൽപ്പിച്ച് സഹആതിഥേയരായ അമേരിക്ക പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയെങ്കിലും, മത്സരത്തിലെ ഒരു റഫറിയിങ് തീരുമാനം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അമേരിക്കൻ സ്ട്രൈക്കർ ഫോളാരിൻ ബലോഗന് രണ്ടാം പകുതിയിൽ ലഭിച്ച റെഡ് കാർഡാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം. സമാനമായ കടുത്ത ഫൗൾ ചെയ്തിട്ടും അർജന്‍റീനൻ സൂപ്പർ താരം ലിയോണൽ മെസിക്കെതിരെ നടപടിയെടുക്കാത്ത ഫിഫയുടെ ‘ഇരട്ടത്താപ്പ്’ സോഷ്യൽ മീഡിയയിൽ കടുത്ത ആരാധകരോഷത്തിന് കാരണമായത്. മത്സരത്തിൽ അരമണിക്കൂറിലധികം പത്തുപേരുമായാണ് അമേരിക്ക പൊരുതിയത്. ബോസ്നിയൻ താരം താരിക് മുഹാരെമോവിച്ചിന്‍റെ കണങ്കാലിൽ ബലോഗൻ ബൂട്ടുകൊണ്ട് ചവിട്ടിയതിനാണ് ബ്രസീലിയൻ റഫറി റാഫേൽ ക്ലോസ് ചുവപ്പ് കാർഡ് പുറത്തെടുത്തത്. ആദ്യം ഫൗൾ മാത്രം വിളിച്ച റഫറി, പിന്നീട് വാർ പരിശോധനയ്ക്ക് ശേഷമാണ് ബലോഗനെ പുറത്താക്കിയത്.
മെസിക്ക് ഒരു നിയമം, ബലോഗന് വേറൊരു നിയമമോ?
