തിരുവനന്തപുരം: കൂട്ടസ്ഥലമാറ്റവും ബന്ധു നിയമനവും നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. പവർ ബ്രോക്കർമാർ അധികാരത്തിന്റെ ഇടനാഴിയിൽ ഇടംപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. ചുരുങ്ങിയ കാലയളവിൽ രണ്ടായിരത്തോളം ജീവനക്കാരെ സ്ഥലംമാറ്റി. കുടുംബശ്രീയിൽ നോട്ടീസ് നൽകാതെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സ്ഥാപിത താല്പര്യക്കാരെ സംരക്ഷിക്കരുതെന്നും പിണറായി വിജയൻ പറഞ്ഞു. ട്രോളുകൾ പങ്കുവെച്ചതിന്റെ പേരിൽ വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്ന സർക്കാരിന്റെ നടപടി കടുത്ത അസഹിഷ്ണുതയാണെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. പിണറായി സർക്കാരിന്റെ കാലത്ത് തലങ്ങും വിലങ്ങും സ്ഥലംമാറ്റംനടന്നുവെന്നും കഴിഞ്ഞ സർക്കാരിനെ ഒരു കാരണവശാലും യുഡിഎഫ് മാതൃകയാക്കില്ലെന്നും മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപോയി. ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിൽ സണ്ണി ജോസഫ് പ്രതികരിച്ചില്ല.
സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം
