തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനുമായി ആലുവ ദേശത്തെ വീട്ടിലെത്തി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയതിൽ വിമർശനവുമായി കോൺഗ്രസ് വക്താവ് വി.ആർ അനൂപ്. തുഷാർ സാമ്പത്തിക കുറ്റവാളിയാണെന്നും എസ്എൻഡിപി നേതാവായി കാണാൻ കഴിയില്ലെന്നും വിആർ അനൂപ് ഫേസ്ബുക്കിൽ കുറിച്ചു. തുഷാർ വെള്ളാപ്പള്ളിയുമായി ചർച്ച നടത്താൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രിക്ക് പറയാമായിരുന്നുവെന്നാണ് വിമർശനം. ചർച്ചക്കിരുത്തി ലെജിറ്റിമിസി ഉണ്ടാക്കിക്കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും വി ആർ അനൂപ് വിമർശിച്ചു. സാമ്പത്തിക തട്ടിപ്പിന് ഗൾഫിൽ അറസ്റ്റ് ചെയ്യപ്പെട്ട തുഷാറിനെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക താൽപര്യമെടുത്ത് കത്തെഴുതി മോചിപ്പിച്ച് നാട്ടിലെത്തിക്കുമ്പോൾ, അന്ന് അതിനെ എതിർത്തത് അന്നത്തെ പ്രതിപക്ഷ നേതാവ് മുതൽ ഇതെഴുതുന്ന ഞാൻ ഉൾപ്പടെയുള്ള കോൺഗ്രസ് പ്രവത്തകർ ആണ്. അധികാരത്തിലെത്തി എന്ന് വിചാരിച്ച് അതൊക്കെ അങ്ങനെ മറക്കാൻ കഴിയുമോ എന്ന് അനൂപ് ചോദിക്കുന്നു. തങ്ങളെപ്പോലുള്ളവർ വെള്ളാപ്പള്ളിക്കെതിരെ നടത്തിയ പോരാട്ടംകൂടിയാണ് ഇന്നത്തെ അധികാരമെന്നും വി ആർ അനൂപ് ഓർമിപ്പിച്ചു.
വി ഡി ക്കെതിരെ കോൺഗ്രസ് വക്താവ്
