തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകുന്ന തീരുമാനം വൈകും. സംസ്ഥാനത്തെ മഴക്കെടുതിയെ തുടർന്ന് യുഡിഎഫും കേരള കോൺഗ്രസും തമ്മിൽ നടത്താനിരുന്ന ഉഭയകക്ഷി ചർച്ചകൾ മാറ്റിവെച്ചതോടെയാണ് തീരുമാനം നീളുന്നത്. കഴിഞ്ഞ യുഡിഎഫ് മുന്നണി യോഗത്തിൽ പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകുമെന്ന ആവശ്യം നേതൃത്വം അംഗീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരം ചർച്ചകൾ നടത്താനായിരുന്നു തീരുമാനം. എന്നാൽ കനത്ത മഴയും ദുരന്തസാഹചര്യവും കാരണം നേതാക്കൾ വിവിധ മേഖലകളിൽ തിരക്കിലായതോടെ ചർച്ചകൾ മാറ്റിവെക്കുകയായിരുന്നു.
മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ പദവി ക്യാബിനറ്റ് പദവിയോടെ പി.ജെ. ജോസഫിന് നൽകണമെന്നാണ് കേരള കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേര് പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും ആ പദവി എം.കെ. മുനീറിന് ലഭിക്കുമെന്ന സൂചനകളെത്തുടർന്നാണ് മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം മുന്നോട്ടുവച്ചത്. അതേസമയം, ഉഭയകക്ഷി ചർച്ചയ്ക്ക് പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് കേരള കോൺഗ്രസ് നേതൃത്വം അറിയിച്ചു.
