പ്രിയദർശിനി ബസുകൾ പതിവായി ട്രിപ്പ് മുടക്കുന്നുവെന്ന് യാത്രക്കാർ

കൊച്ചി: എറണാകുളം ബോട്ട് ജെട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് വരാപ്പുഴ – പറവൂർ – കൊടുങ്ങല്ലൂർ വഴി ഗുരുവായൂരിലേക്കും പൊന്നാനിയിലേക്കും സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകൾ പതിവായി ട്രിപ്പ് മുടക്കുന്നുവെന്ന് യാത്രക്കാർ. വൈകുന്നേരം മൂന്ന് മണിക്ക് ശേഷമുള്ള തിരക്കേറിയ സമയത്താണ് സർവീസുകൾ കൂടുതലായും റദ്ദാക്കപ്പെടുന്നതെന്നാണ് പരാതി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്ന ഓർഡിനറി വിഭാഗത്തിൽപ്പെട്ട പ്രിയദർശിനി ബസുകളാണ് സർവീസ് മുടക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. ഗുരുവായൂർ, കൊടുങ്ങല്ലൂർ, പൊന്നാനി ഡിപ്പോകളിലെ ബസുകളാണ് ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നത്.

ജോലിക്കാരും വിദ്യാർഥികളും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ദിവസവും ഈ സർവീസുകളെ ആശ്രയിക്കുന്നത്. സാധാരണ 10 മുതൽ 20 മിനിറ്റ് വരെ ഇടവേളകളിൽ ബസുകൾ ലഭിക്കാറുണ്ടെങ്കിലും അടുത്തിടെയായി പല സർവീസുകളും മുന്നറിയിപ്പില്ലാതെ റദ്ദാക്കപ്പെടുന്നതായി യാത്രക്കാർ ആരോപിക്കുന്നു. ഇതുമൂലം മണിക്കൂറുകളോളം ബസ് കാത്ത് നിൽക്കേണ്ട സാഹചര്യമാണുള്ളത്. വൈകുന്നേരം 4 മണിക്ക് എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന കൊടുങ്ങല്ലൂർ ഡിപ്പോ ബസ് പലപ്പോഴും റദ്ദാക്കപ്പെടുന്നതായി യാത്രക്കാർ പറയുന്നു. 4.10നുള്ള പൊന്നാനി സർവീസും 4.20-നുള്ള ഗുരുവായൂർ സർവീസും സ്ഥിരമായി മുടങ്ങുന്നതായും പരാതിയുണ്ട്.

ഇതോടെ 3.40നുള്ള ബസിന് ശേഷം ഗുരുവായൂരിലേക്കുള്ള അടുത്ത സർവീസ് 4.50നാണ് ലഭിക്കുന്നത്. അതിനാൽ പിന്നീട് എത്തുന്ന ബസുകളിൽ അമിത തിരക്ക് അനുഭവപ്പെടുന്നതായും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് ശേഷം യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ സർവീസ് മുടക്കങ്ങൾ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാൻ കെഎസ്ആർടിസി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *