‘ചെയര്‍മാന്‍ കെ.എസ് ഹംസയുടെ ആരോപണം പച്ചക്കള്ളം’; ലീഗ് നേതാവ് അഡ്വ. സജല്‍

പാലക്കാട്: വഖഫ് ബോര്‍ഡ് ചെയര്‍മാനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് യൂത്ത് ലീഗ് നേതാവ് അഡ്വ. സജല്‍. തന്റെ ഹർജി കാരണമല്ല വഖഫ് ബോര്‍ഡിന്റെ പുനഃസംഘടന വൈകിയതെന്നും സജല്‍ പറഞ്ഞു. പഴയ വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ കാരണം താന്‍ നല്‍കിയ ഹരജിയാണെന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.എസ് ഹംസയുടെ പരാമര്‍ശത്തിന് എതിരെയാണ് അഡ്വ. സജല്‍ രംഗത്തെത്തിയിരിക്കുന്നത്.

കെ.എസ് ഹംസ പറഞ്ഞത് പച്ചക്കള്ളമാണെന്നും സജല്‍ പറഞ്ഞു. വഖഫ് ബോര്‍ഡിന് മുമ്പാകെയുള്ള ഒറ്റപ്പാലത്തെ പ്രാദേശിക വിഷയം ഒത്തുതീര്‍പ്പാക്കാനാണ് താന്‍ ഹരജി നല്‍കിയതെന്നും എട്ടര മാസത്തോളമാണ് തന്റെ ഹർജിയിൽ ഉത്തരവ് പറയാതെ മാറ്റിവെച്ചതെന്നും സജല്‍ ചൂണ്ടിക്കാട്ടി. ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നല്‍കിയത്. ഒറ്റപ്പാലം താലൂക്കിലെ ഹൈദരിയ മസ്ജിദുമായി ബന്ധപ്പെട്ട കേസാണ് വഖഫ് ബോര്‍ഡ് നീട്ടിക്കൊണ്ടുപോയത്. മൂന്ന് തവണ ഉത്തരവ് പറയാനായി പോസ്റ്റ് ചെയ്തിട്ടും വിധി പറയാതെ മാറ്റിവെക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് താന്‍ ഹൈക്കോടതിയെ സമീപിച്ചതെന്നും സജല്‍ പറഞ്ഞു. 2024 നവംബര്‍ 28നാണ് സാജന്‍ കോടതിയെ സമീപിച്ചത്. അതേസമയം 2024 ഡിസംബര്‍ 17നാണ് പഴയ വഖഫ് ബോര്‍ഡിന്റെ കാലാവധി പൂര്‍ത്തിയായത്. പഴയ വഖഫ് ബോര്‍ഡിലെ മുസ്‌ലിം ലീഗ് നേതാക്കള്‍ അതേപടി തുടരുന്നതിന് വേണ്ടിയാണ് സജല്‍ ഹരജി നല്‍കിയതെന്നാണ് ഹംസയുടെ ആരോപണം. എന്നാൽ ഈ ആരോപണം സജല്‍ പൂർണമായും തള്ളി.

Leave a Reply

Your email address will not be published. Required fields are marked *