പാരീസ്: 2026-ലെ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 157-ാം സ്ഥാനത്തേക്ക് താഴ്ന്നതായി റിപ്പോർട്ട്. റിപ്പോർട്ടേഴ്‌സ് സാൻ ഫ്രണ്ടിയേഴ്‌സ് വ്യാഴാഴ്ച പുറത്തുവിട്ട കണക്കുപ്രകാരം ആകെ 180 രാജ്യങ്ങൾ ഉൾപ്പെട്ട പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025-ൽ 151-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഈ സൂചിക പ്രസിദ്ധീകരിക്കുന്ന സന്നദ്ധ സംഘടനയുടെ കണക്കനുസരിച്ച് 2002 മുതൽ ഇന്ത്യ പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ‘അതീവ ഗുരുതരം’ എന്ന വിഭാഗത്തിലാണ് തുടരുന്നത്.
ജനാധിപത്യ രാജ്യങ്ങളിൽപ്പോലും വാർത്താമുറികളെ നിശ്ശബ്ദമാക്കാൻ നിയമസംവിധാനങ്ങൾ ആയുധമാക്കപ്പെടുന്നുണ്ടെന്നും ഇന്ത്യയിൽ നിയമപരമായിതന്നെ സ്വതന്ത്ര മാധ്യമങ്ങളെ വേട്ടയാടുകയാടുന്നത് വർധിച്ചുവരികയാണെന്നും ആർ.എസ്.എഫ്. കുറ്റപ്പെടുത്തുന്നു. അപകീർത്തിക്കേസുകളും ദേശീയ സുരക്ഷാ നിയമങ്ങളും ഉൾപ്പെടെയുള്ള ക്രിമിനൽ നിയമങ്ങൾ പത്രപ്രവർത്തകർക്കെതിരേ നേരിട്ട് പ്രയോഗിക്കപ്പെടുന്നുണ്ട്. സൂചികയുടെ ചരിത്രത്തിൽ ആദ്യമായി പകുതിയിലധികം രാജ്യങ്ങളും പത്രസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ‘പ്രയാസകരമായ’ അല്ലെങ്കിൽ ‘അതീവ ഗുരുതരമായ’ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. 2002-ൽ സൂചിക ആരംഭിച്ചപ്പോൾ 13.7 ശതമാനം രാജ്യങ്ങൾ മാത്രമായിരുന്നു ഈ വിഭാഗത്തിലുണ്ടായിരുന്നത്.
