വനിതാ സംവരണം നടപ്പാക്കാൻ രാഷ്ട്രീയപാർട്ടികൾ ഒന്നിച്ചു നിൽക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വനിതാ സംവരണത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം നടപ്പാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചു നിൽക്കണമെന്നും നടപ്പാക്കിയതിന്റെ ക്രെഡിറ്റ് വേണമെങ്കിൽ നിങ്ങൾ എടുത്തു കൊള്ളൂവെന്നും അദ്ദേ​ഹം പറഞ്ഞു. വനിതാ സംവരണ ബില്ല് രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയായെന്ന് അദ്ദേ​ഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തെ എല്ലാ നേതാക്കളും വനിത സംവരണത്തിന് പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഏത് വേദിയിലും രാജ്യത്തെ പെൺകുട്ടികൾ ഇന്ന് മുൻനിരയിലുണ്ട്. സേനയിലും ഇന്ന് വനിതകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം ജനസംഖ്യ കണക്കെടുപ്പിൽ എല്ലാവരും പങ്കാളികളാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ലഹരിമുക്ത രാജ്യമാണ് സർക്കാരിന്റെ ലക്ഷ്യം. എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി ഇതിനുവേണ്ടി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണകാലത്തെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസം​ഗം. പ്രതിരോധ മേഖലയിലും ഇന്ത്യയ്ക്ക് വളർച്ചയുണ്ടായി. ഡിജിറ്റൽ മേഖലയിലും ഇന്ത്യ മുഖമുദ്ര പതിപ്പിച്ചുകഴിഞ്ഞു. വികസിതഭാരതം എന്ന ലക്ഷ്യത്തെ തടയാൻ ആർക്കും സാധിക്കില്ല. കഴിഞ്ഞ 12 വർഷത്തിൽ പ്രതിരോധ ഉൽപ്പാദനം കുതിക്കുകയാണ്. ഇലക്ട്രോണിക്, മൊബൈൽഫോൺ നിർമാണം, റെയിൽവേ കോച്ചുകൾ എന്നിവയുടെ നിർമാണത്തിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്. ഡിജിറ്റൽ ഇടപാടുകളിലെല്ലാം വൻ വളർച്ചയുണ്ടായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *