തിരുവനന്തപുരം: പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്നതാണ് വർത്തമാനകാലത്ത് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്റർ. രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എകെജി സെൻ്ററിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
സവർക്കറുടെ വഞ്ചന ലോകം കണ്ടതാണെന്നും ഇത്തരം ശക്തികൾ ഭരണത്തിലിരിക്കുന്നത് രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ മതനിരപേക്ഷത, സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവ ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണ്. ഈ സാഹചര്യത്തിൽ ജനാധിപത്യ ശക്തികൾ വർഗീയതയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും വരും നാളുകളിലെ വലിയ പോരാട്ടങ്ങൾക്കായി ഈ ദിനത്തിൽ പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ഗോവിന്ദൻ മാസ്റ്റർ നിലപാട് വ്യക്തമാക്കി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ പാടാവൂ എന്നത് നേരത്തെ മുതലുള്ള തങ്ങളുടെ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള വരികൾക്ക് വർഗീയ ചുവയുള്ളതിനാലാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും, ഇത് മതനിരപേക്ഷത സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
