തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തിൽ വെച്ച് പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയില്‍ സിപിഐഎം നേതാവ് ഇ. പി ജയരാജനെതിരായ അന്വേഷണം എസ്ഐടിക്ക്. സിറ്റി പൊലീസ് കമ്മീഷണറുടെ തീരുമാനത്തിലാണ് എസ്ഐടി രൂപീകരിക്കുന്നത്. എസിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടിയായിരിക്കും അന്വേഷണം നടത്തുക. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ ഗണ്മാന് അനില്‍ കുമാറിനെതിരെയും അന്വേഷണമുണ്ടാകും. പരാതിയില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയിരുന്നത്.
ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. കേസ് ഒഴിവാക്കി പൊലീസ് നല്കിയ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്ഐടിയെ നിയമിച്ചത്.
2022 ജൂണ്‍ 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ വന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. സ്വര്‍ണക്കടത്ത് വിവാദത്തിനിടെയായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ. പി ജയരാജന് തള്ളിയിടുകയായിരുന്നു.
സംഭവത്തില്‍ ഇന്‍ഡിഗോ അന്വേഷണം നടത്തുകയും ഇ പിക്ക് മൂന്ന് ആഴ്ച്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.പിന്നാലെ ഇന്‍ഡിഗോ വിമാനത്തിലെ യാത്ര ഇ പി അവസാനിപ്പിച്ചിരുന്നു. പിന്നീട് പല തവണ ഇന്‍ഡിഗോ അധികൃതര്‍ ഇ പിയെ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ടിരുന്നെങ്കിലും കയറില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നിന്നു. ഒടുവില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചപ്പോള്‍ അദ്ദേഹത്തെ കാണാന്‍ ഇ പി ഡല്‍ഹിക്ക് തിരിച്ചത് ഇന്‍ഡിഗോ വിമാനത്തിലായിരുന്നു. അന്നാണ് ഇന്‍ഡിഗോ ബഹിഷ്കരണം ഇ പി അവസാനിപ്പിച്ചത്.
