പ്രൾഹാദ് ജോഷിക്കെതിരെ രാഹുൽ : നിയമനം വിദ്യാർത്ഥികളോട് ചെയ്ത ചതി

ന്യൂഡല്‍ഹി: ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രള്‍ഹാദ് ജോഷിയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചതില്‍ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബലാത്സംഗക്കേസ് പ്രതികളെ ന്യായീകരിച്ച ഒരാളെയാണ് ബിജെപി വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുത്തതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ലമെന്റിന് മുന്നില്‍ വെച്ച് മാധ്യമങ്ങളോടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ യുവാക്കള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബലാത്സംഗക്കേസ് പ്രതികളെ സംരക്ഷിക്കുന്ന ഒരാളെ ബിജെപി മന്ത്രിയായി നിയോഗിക്കുന്നത്. ഏറ്റവും നീചനായ വ്യക്തിയാണ് അദ്ദേഹം. ബലാത്സംഗം ചെയ്തവര്‍ക്ക് സംരക്ഷണം ആവശ്യമാണ് എന്ന് പറയുന്ന ഒരാളേക്കാള്‍ നീചനായ മറ്റൊരു വ്യക്തി ഉണ്ടാകില്ല. അയാളാണ് ഇന്ന് ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രി. തന്റെ മന്ത്രിസഭയില്‍ ഇത്രയധികം ആളുകള്‍ ഉണ്ടായിരിക്കെ പ്രധാനമന്ത്രി ഇയാളെ തന്നെ തെരഞ്ഞെടുത്തത് വിചിത്രമാണ്. ആരെ വേണമെങ്കിലും മോദിക്ക് തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ ബലാത്സംഗം ചെയ്തവരെ സംരക്ഷിക്കണമെന്ന് പറഞ്ഞയാളെയാണ് അദ്ദേഹം തെരഞ്ഞെടുത്തത്’: രാഹുല്‍ ഗാന്ധി പറഞ്ഞു.

2002-ല്‍ ഗുജറാത്ത് കലാപത്തിനിടെ ഉണ്ടായ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ 11 പ്രതികളെ ശിക്ഷാ കാലാവധി തികയുന്നതിന് മുന്‍പ് വിട്ടയക്കാനുളള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ചയാളാണ് പ്രള്‍ഹാദ് ജോഷി. ഇത് സൂചിപ്പിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. നിയമപ്രകാരവും സംസ്ഥാനത്തിന്റെ ഇളവ് നല്‍കല്‍ നയം അനുസരിച്ചുമാണ് പ്രതികളെ വിട്ടയച്ചത് എന്നാണ് ജോഷി അന്ന് വാദിച്ചത്. എന്നാല്‍ കേസില്‍ സുപ്രീംകോടതി ഇളവ് റദ്ദാക്കി പ്രതികളെ തിരികെ ജയിലിലേക്ക് അയക്കാന്‍ ഉത്തരവിടുകയായിരുന്നു.

പ്രിയങ്കാ ഗാന്ധിയും ഇന്ന് ലോക്സഭയിൽ പ്രൾഹാദ് ജോഷിക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. പ്രള്‍ഹാദ് ജോഷി സ്ത്രീയെ അപമാനിച്ചിട്ടുണ്ടെന്നാണ് പ്രിയങ്ക പറഞ്ഞത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് പ്രൾഹാദ് ജോഷി തളളിക്കളഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പ്രിയങ്കാ ഗാന്ധി മാപ്പുപറയണമെന്നും അവരെ പാർലമെന്റിൽ നിന്ന് പുറത്താക്കണമെന്നും ജോഷി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *