തിരുവനന്തപുരം: പിണറായി വിജയന്റെ ഡ്രൈവര്‍ അനൂപ് തില്ലങ്കേരിയെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി വ്യാജമെന്ന് റെയില്‍വേ എസ്പിയുടെ റിപ്പോര്‍ട്ട്. ഡ്രൈവര്‍ അനൂപിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് റെയില്‍വേ എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഡ്രൈവറും പൊലീസുകാരും തമ്മിലുണ്ടായത് വാക്കുതര്‍ക്കം മാത്രമാണെന്നും ഡ്രൈവറായ അനൂപ് പൊലീസുകാരോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നായിരുന്നു അനൂപിന്റെ പരാതി. ഇതോടെ പരാതിയില്‍ കേസെടുക്കാനുള്ള സാധ്യത മങ്ങി. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് പൊലീസ് കഴുത്തിന് പിടിച്ച് തള്ളിയതായാണ് അനൂപ് പറഞ്ഞത്. റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നായിരുന്നു പരാതി.
പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അനൂപ് ഡി ജി പിക്ക് പരാതി നല്‍കിയിരുന്നു. ജയന്, ശരത് എന്നീ പൊലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി അടിസ്ഥാന രഹിതമെന്നാണ് റെയില്‍വേ പൊലീസ് പ്രതികരിച്ചത്. ഡ്രൈവറെ മര്‍ദ്ദിച്ചില്ലെന്നായിരുന്നു വിശദീകരണം.
