ഈജിപ്ഷ്യന്‍ ഫുട്‌ബോളര്‍ മുഹമ്മദ് സലാ ടര്‍ക്കിഷ് ക്ലബ്ബ് ബെസിക്തസിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ കരാര്‍ത്തുകയില്‍ തീരുമാനമാകാത്തതിനെ തുടർന്ന് ചർച്ചകൾ മുടങ്ങി. ഈജിപ്ഷ്യന്‍ താരത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ കാരണം മുഹമ്മദ് സലായുമായുള്ള ചര്‍ച്ചകള്‍ നിലവില്‍ തടസ്സപ്പെട്ടിരിക്കുകയാണെന്ന് ബെസിക്തസ് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ഒണ്ടര്‍ ഓസെന്‍ സ്ഥിരീകരിച്ചു. 2025-26 സീസണിന്റെ അവസാനത്തില്‍ ലിവര്‍പൂളുമായി പരസ്പര ധാരണയിലെത്തി കരാര്‍ നേരത്തെ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് സലാ നിലവില്‍ ഫ്രീ ഏജന്റാണ്. ഈജിപ്തിനെ പ്രീ ക്വാര്‍ട്ടറിലേക്ക് നയിച്ച ലോകകപ്പിന്റെ അവസാനത്തിന് ശേഷം സലാ ബെസിക്തസിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ഏജന്റ് ഈ വാര്‍ത്തകള്‍ ആദ്യം നിഷേധിച്ചിരുന്നു.
ലിവര്‍പൂളിനായി പ്രീമിയര്‍ ലീഗില്‍ 315 മത്സരങ്ങള്‍ കളിച്ച സലായ്ക്ക് മുന്നില്‍ തങ്ങള്‍ ഒരു ഓഫര്‍ വെച്ചിട്ടുണ്ടെന്ന് ബെസിക്തസ് സ്ഥിരീകരിച്ചിരുന്നു. ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ ജാമി കാരഗര്‍ (508), സ്റ്റീവന്‍ ജെറാര്‍ഡ് (504), ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ (360), സാമി ഹൈപ്പിയ (318) എന്നിവര്‍ക്ക് തൊട്ടുപിന്നില്‍ അഞ്ചാം സ്ഥാനത്താണ് സലാ. പ്രീമിയര്‍ ലീഗില്‍ ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ 10 കളിക്കാരില്‍ ഒരാളുമാണ് സലാ. ലിവര്‍പൂളിനായി ലീഗില്‍ 191 ഗോളുകള്‍ നേടുകയും 93 ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍ സലായെ ക്ലബ്ബിലേക്ക് കൊണ്ടുവരുന്നതിനായി തങ്ങളുടെ ട്രാന്‍സ്ഫര്‍ നയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ബെസിക്തസ് തയ്യാറല്ല. ‘ഞങ്ങള്‍ സലായ്ക്ക് ഒരു ഓഫര്‍ നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിനിധികള്‍ കൂടുതല്‍ സാമ്പത്തിക ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചു. ഇത് കരാര്‍ സങ്കീര്‍ണ്ണമാക്കിയെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഓസെന്‍ പറഞ്ഞു.
അതേസമയം, സലാ എംഎല്‍എസിലേക്ക് മാറുമെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ട്. ഇന്റര്‍ മയാമി, സാന്‍ ഡീഗോ എഫ്സി എന്നീ ക്ലബ്ബുകള്‍ക്ക് അദ്ദേഹത്തെ സ്വന്തമാക്കാന്‍ താല്പര്യമുള്ളതായി അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. യുവന്റസുമായുള്ള കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് ഫ്രീ ഏജന്റായ ദുസാന്‍ വ്‌ലാഹോവിച്ചാണ് ബെസിക്തസിന്റെ മുന്നേറ്റനിരയിലേക്ക് പരിഗണിക്കുന്ന മറ്റൊരു താരം. അദ്ദേഹത്തിന്റെയും ക്ലബ്ബ് പ്രവേശം കരാര്‍ത്തുകയില്‍ ചര്‍ച്ച വഴിമുട്ടിയിരിക്കുകയാണ്. വ്‌ലാഹോവിച്ച് തുര്‍ക്കിഷ് സൂപ്പര്‍ ലീഗിലേക്ക് മാറുകയാണെങ്കില്‍, തന്റെ മുന്‍ ഫിയോറന്റീന പരിശീലകനായ വിന്‍സെന്‍സോ ഇറ്റാലിയാനോയുമായി വീണ്ടും ഒന്നിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. യൂറോപ്പിലെ ആദ്യ അഞ്ച് ലീഗുകളിലൊന്നിലെ ക്ലബ്ബിലേക്ക് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് വ്‌ലാഹോവിച്ച് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തെ ബെസിക്തസിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്ലബ്ബ് അധികൃതര്‍.
