കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസിലാണ് അതിക്രമം ഉണ്ടായത്. സംഭവത്തിൽ കഴക്കൂട്ടം സ്വദേശി ആന്റണി തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തുനിന്ന് ബസിൽ കയറിയ യാത്രക്കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്.
കൊല്ലം പോളയത്തോട് വെച്ച് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. കോട്ടയത്തേക്ക് പോകുകയായിരുന്നു യുവതി. കഴക്കൂട്ടത്തുനിന്ന് ബസിൽ കയറിയ പ്രതി, ആദ്യം മോശം പരാമർശങ്ങൾ നടത്തുകയും പിന്നീട് യുവതിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. യുവതി വിവരം അറിയിച്ചതിനെ തുടർന്ന് കണ്ടക്ടറും ഡ്രൈവറും സംഭവത്തിൽ ഇടപെട്ടു.
തുടർന്ന് ബസ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കും. മൊഴി രേഖപ്പെടുത്തിയ ശേഷം യുവതിയെ പൊലീസ് വിട്ടയച്ചു.
