ഭക്ഷണം നൽകി ആകർഷിച്ചു : തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് കൂട്ടിൽ തിരിച്ചെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് പുറത്തുകടന്ന് മരത്തിന് മുകളിൽ നിലയുറപ്പിച്ച ഹനുമാൻ കുരങ്ങിനെ തിരികെ കൂട്ടിലെത്തിച്ചു. ഭക്ഷണം നൽകി ആകർഷിച്ചാണ് കുരങ്ങിനെ കൂട്ടിലേക്ക് കയറ്റിയത്. തിങ്കളാഴ്ച രാവിലെ കൂട്ടിൽ നിന്ന് പുറത്തുകടന്ന കുരങ്ങ് മൃഗശാല വളപ്പിലെ ഉയരമുള്ള മരത്തിൽ തുടരുകയായിരുന്നു.

കുരങ്ങിന്റെ നീക്കങ്ങൾ മൃഗശാല അധികൃതർ ഇന്നലെയും ഇന്നുമായി നിരീക്ഷിച്ചുവരികയായിരുന്നു. കുരങ്ങ് കൂട്ടിലുള്ള മറ്റു കുരങ്ങുകളുമായി ആശയവിനിമയം നടത്തിയിരുന്നതിനാൽ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു അധികൃതർ. ഇതിനായി മുൻപ് കുരങ്ങിനെ പിടികൂടിയ അനുഭവമുള്ള മൂന്ന് കീപ്പർമാരെയും ചുമതലപ്പെടുത്തിയിരുന്നു.

2023ൽ തിരുപ്പതിയിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിലെത്തിച്ച 12 വയസ്സുള്ള പെൺ ഹനുമാൻ കുരങ്ങാണിത്. രണ്ട് വർഷം മുമ്പും ഇതേ കുരങ്ങ് കൂട്ടിൽ നിന്ന് പുറത്തുകടന്നിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ കണക്കിലെടുത്ത് കുരങ്ങുകളെ പാർപ്പിക്കുന്ന കൂട്ടിലെ ഫെൻസിങ്ങിന്റെ ഉയരം വർധിപ്പിക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

കുരങ്ങ് പുറത്തുകടന്നതിനെത്തുടർന്ന് മൃഗശാലയിൽ സന്ദർശകർക്ക് ഭാഗിക നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. സാധാരണ സന്ദർശകർക്ക് അനുവദിച്ചിട്ടുള്ള നടപ്പാതകളിലായിരുന്നു നിയന്ത്രണം. കുരങ്ങിന്റെ നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ട് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനായിരുന്നു അധികൃതരുടെ നടപടി. ഭക്ഷണം നൽകി കുരങ്ങിനെ തിരികെ കൂട്ടിലെത്തിച്ചതോടെ ആശങ്കകൾക്ക് വിരാമമായി.

Leave a Reply

Your email address will not be published. Required fields are marked *